പുതിയ വര്‍ഷം ക്ലബ്ബ് ഫുട്‌ബോളില്‍ തന്റെ ആദ്യഗോള്‍ കണ്ടെത്തിയിരിക്കുകയാണ് അല്‍ നസര്‍ എഫ്‌സിയുടെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടറില്‍ ആദ്യപാദ മത്സരത്തിലാണ് റൊണാള്‍ഡോ ടീമിന്റെ വിജയശില്‍പിയായത്. അല്‍ ഫയ്ഹയെയാണ് അല്‍ നസര്‍ എഫ്‌സി നേരിട്ടത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന പോരാട്ടം നടത്തിയ മത്സരം സമനിലയില്‍ കലാശിക്കുമെന്ന തരത്തിലാണ് മുന്നോട്ട് പോയത്. എന്നാല്‍ 81-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണള്‍ഡോ ഗ്യാലറിയിലെ അല്‍ നസര്‍ എഫ്‌സി ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ഗോളടിച്ചു. ആ ഒരൊറ്റ ഗോളിന് മത്സരത്തില്‍ റൊണാള്‍ഡോയും കൂട്ടരും വിജയം നേടുകയും ചെയ്തു. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിലെ ഈ ഒന്നാം പാദ മത്സരത്തിലെ വിജയം ക്ലബ്ബിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
രണ്ടാം പാദ മത്സരത്തില്‍ ഇനി സമനില പിടിച്ചാല്‍ പോലും ടീമിന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാം. മധ്യനിര താരം മാഴ്‌സെലോ ബ്രോസോവിച്ച് നടത്തിയ മുന്നേറ്റത്തില്‍ നിന്നാണ് റോണോയുടെ 2024 ലെ ആദ്യഗോള്‍ വന്നിരിക്കുന്നത്. ഗോളടിച്ചതിന് ശേഷം താരം നടത്തിയ ആഘോഷം വലിയ ചര്‍ച്ചയായി മാറുകയാണ്. 39 കാരനായ റൊണാള്‍ഡോ മത്സരത്തില്‍ മറ്റ് ചില നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 2002 ല്‍ ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ ആദ്യഗോള്‍ നേടിയ റൊണാള്‍ഡോ ഇത് തുടര്‍ച്ചയായ 23-ാം വര്‍ഷമാണ് ഗോള്‍ നേടുന്നത്. ക്ലബ്ബ് ഫുട്‌ബോളില്‍ താരം 796-ാം വിജയമാണ് സ്വന്തമാക്കിയത്. 1000 ക്ലബ്ബ് മത്സരങ്ങള്‍ താരം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. നാല് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ള അല്‍ ഹിലാല്‍ ഇറാനിയന്‍ ക്ലബ്ബ് സെപാഹനെ നേരിടാന്‍ ഒരുങ്ങുകയാണ്. അല്‍ ഇത്തിഹാദിന് ഉസ്‌ബെകിസ്താന്‍ ക്ലബ്ബായ നവ്ബഹോറിനെതിരെയാണ് മത്സരം. ഇനി രണ്ടാം പാദ മത്സരത്തിനായി കാത്തിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന അല്‍ നസര്‍ എഫ്‌സി.