ലക്നോ: ദേശസുരക്ഷാ നിയമം ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ ഉത്തരവ്. അലഹബാദ് ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന്റെ പേരിലാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് ദേശസുരക്ഷാ നിയമം ചുമത്തിയത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തി.
ജനുവരി 29-ന് രാത്രി ഏറെ വൈകി മുംബൈ എയര്പോര്ട്ടില്വച്ചാണു കഫീല്‍ ഖാന് അറസ്റ്റിലായത്. യുപി സ്പെഷല്‍ ടാസ്ക് ഫോഴ്സിന്റെ അഭ്യര്‍ഥനപ്രകാരം മുംബൈ പോലീസ് ഡോ. കഫീല്‍ ഖാനെ അറസ്റ്റുചെയ്ത് കൈമാറുകയായിരുന്നു. ഫെബ്രുവരി 13ന് ഇദ്ദേഹത്തിന്റെ മേല്‍ ദേശസുരക്ഷ നിയമം ചുമത്തി.
യുപിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അറുപതിലേറെ കുട്ടികള്‍ ഓക്സിജന്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് 2017ല്‍ മരിച്ച സംഭവത്തില്‍ ജയിലിലായി വാര്‍ത്തകളില്‍ നിറഞ്ഞയാളാണു ഡോ. കഫീല്‍ ഖാന്. അന്നു കഫീല്‍ ഖാന്റെ ഭാഗത്തുനിന്നു കുറ്റകരമായ അനാസ്ഥയുണ്ടായെന്നും, ഓക്സിജന്‍ സിലിണ്ടറുകളുടെ വാങ്ങല്‍ പ്രക്രിയയില്‍ കഫീല്‍ ഖാന് അഴിമതി കാണിച്ചു എന്നും ആരോപിച്ച് സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.
എന്നാല്‍ സംഭവം നടക്കുന്പോള് ഡോ. കഫീല്‍ ഖാനല്ലായിരുന്നു നോഡല്‍ ഓഫീസറെന്നും, കുട്ടികള്‍ മരിക്കാതിരിക്കാന്‍ ഡോക്ടര്‍ സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നെന്നും പിന്നീട് അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തപ്പെട്ടു. നിരപരാധിയായ ഡോ. കഫീല്‍ ഖാന് ഒന്‍പതു മാസങ്ങളാണ് ജയിലില്‍ കഴിയേണ്ടിവന്നത്.