അലഹാബാദ്: സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഇത് സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിവേക് ചൗധരിയുടെ ഉത്തരവ്.
സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കുമ്പോള്‍ നോട്ടീസ് പരസ്യപ്പെടുത്തണോ എന്ന കാര്യം എഴുതി നല്‍കാമെന്ന് കോടതി പറഞ്ഞു. നിയമത്തിലെ ആറാം വകുപ്പു പ്രകാരമുള്ള നോട്ടീസ് പരസ്യപ്പെടുത്തേണ്ടതുണ്ടോയെന്ന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് തീരുമാനിക്കാം. നോട്ടീസ് പരസ്യപ്പെടുത്താന്‍ ആവശ്യപ്പെടാത്ത പക്ഷം ഉദ്യോഗസ്ഥന്‍ അങ്ങനെ ചെയ്യേണ്ടതില്ല. നടപടിക്രമം അനുസരിച്ച് വിവാഹം നടത്തിക്കൊടുക്കുകയാണ് അയാള്‍ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.
വിവാഹിതരാവുന്നവരുടെ തിരിച്ചറിയല്‍ രേഖ, പ്രായം, സമ്മതം എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് രജിസ്റ്റര്‍ ചെയ്യാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണ്. ഇവയില്‍ എന്തെങ്കിലും സംശയം ഉള്ളപക്ഷം വിശദീകരണോ രേഖകളോ ആവശ്യപ്പെടാന്‍ അയാള്‍ക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.