Sunday, April 20, 2025 12:49 pm

അലനും താഹയും സിപിഎം അംഗങ്ങൾ തന്നെ ; മുഖ്യമന്ത്രിയെയും ജയരാജനെയും തള്ളി പി മോഹനൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പന്തീരങ്കാവിൽ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങൾ തന്നെയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാനാകില്ല. ജയിലിലായതിനാൽ ഇരുവരുടെയും ഭാഗം കേട്ടിട്ടില്ല. അങ്ങനെ കേൾക്കാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും പി ജയരാജൻ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പി മോഹനൻ വ്യക്തമാക്കി.

”പി ജയരാജൻ പറഞ്ഞത് എന്‍ന്റെ  ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നിങ്ങൾ ജയരാജൻ പറഞ്ഞു എന്ന് പറഞ്ഞിട്ട് എന്നോട് ചോദിച്ചാ ഞാനെന്ത് പറയാനാ? ജയരാജനോട് ചോദിച്ചിട്ട് പറയാ”മെന്ന് പി മോഹനൻ. ഇരുവരും മാവോയിസത്തിന്റെ  സ്വാധീനത്തിൽ പെട്ട് പോയിട്ടുണ്ടെങ്കിൽ തിരുത്തി എടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം ഇപ്പോൾ. അത്തരം സ്വാധീനത്തിൽ പെട്ട് പോയിട്ടുണ്ടോ എന്ന് സിപിഎം ഇപ്പോഴും പരിശോധിച്ചു വരികയാണെന്നും പി മോഹനൻ വ്യക്തമാക്കുന്നു.

അലനും താഹയും മാവോയിസ്റ്റുകൾ തന്നെയാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞതാണ്. അവരെ ചായ കുടിക്കാൻ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വൻ വിവാദമായി. അലനും താഹയ്ക്കും എതിരെ കടുത്ത വിമർശനവുമായി പി ജയരാജൻ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ കോഴിക്കോട്ടെ പാർട്ടി ജില്ലാ നേതൃത്വം തന്നെ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തുമ്പോൾ അത് പാർട്ടിയിലെ രണ്ട് നിലപാടിന് പ്രത്യക്ഷമായ തെളിവാകുകയാണ്.

നേരത്തേ തെളിവുകൾ പോലീസ് സൃഷ്ടിച്ചതല്ലെന്നും അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിൽ പ്രാദേശിക തലത്തിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം കോഴിക്കോട്ട് നടത്തിയിരുന്നു.  എന്നാൽ അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെങ്കിൽ അതിന് തെളിവ് പുറത്തുവിടണമെന്നാവശ്യപ്പെട്ട് കുടുംബങ്ങളും എൻഐഎ കോടതിയിൽ ഹാജരാക്കവെ അവർ രണ്ടുപേരും ആവശ്യപ്പെട്ടതും സംഭവം വീണ്ടും ചർച്ചയാവാൻ കാരണമായി. പൗരത്വ പ്രക്ഷോഭങ്ങളിൽ പങ്കു ചേർന്ന ജെഎൻയുവിലെ വിദ്യാർത്ഥികളെ കാണാനെത്തിയ മുഖ്യമന്ത്രി നാട്ടിൽ പുറത്തുണ്ടായിരുന്നെങ്കിൽ ഈ പ്രക്ഷോഭങ്ങളിൽ അണിചേരുമായിരുന്ന അലനെയും താഹയെയും തള്ളിപ്പറയുന്നതിൽ പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി അലന്റെ  അമ്മ സബിത ശേഖറും എത്തിയതോടെയാണ് സിപിഎം ഒരു വീണ്ടു വിചാരത്തിനൊരുങ്ങുന്നത് എന്നു വേണം കരുതാൻ.

സർക്കാർ അവരുടെ തലത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് പി മോഹനന്റെ  നിലപാട്. മുഖ്യമന്ത്രി പോലീസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകാം അങ്ങനെ പറഞ്ഞതെന്നും പി മോഹനൻ വ്യക്തമാക്കുന്നു. നിയമാനുസൃതമായി കേരളത്തിൽ ഇത്തരത്തിലുള്ള കേസുകൾ പരിഗണിക്കാൻ, സൂക്ഷ്മപരിശോധന നടത്താൻ കേരളത്തിൽ സംവിധാനമുണ്ട്. അത് പരിശോധിച്ച ശേഷം മാത്രമേ ഇതിൽ പ്രോസിക്യൂഷൻ അനുമതിയുള്ളൂ.

അലനെയും താഹയെയും സസ്പെൻഡ് ചെയ്തതെന്ന് പാർട്ടി ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അവർക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പി മോഹനൻ വ്യക്തമാക്കുന്നു. പാർട്ടിയുടെ സജീവ പ്രവർത്തകരായ അലനും താഹയും നിരപരാധിത്വം തെളിയിച്ച് പുറത്തു വരാനാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ അവരുടെ ഭാഗം കേൾക്കാൻ ആയിട്ടില്ലെന്നും പി മോഹനൻ വ്യക്തമാക്കുന്നു.

യുഎപിഎ ചുമത്തേണ്ടതില്ല എന്നതാണ് സിപിഎമ്മിന്റെ  നിലപാടെന്ന് പി മോഹനൻ ആവർത്തിച്ച് വ്യക്തമാക്കുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത സമയത്തും പി മോഹനൻ സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. ഇതിന് ശേ‌ഷം പാർട്ടി അലന്‍റെയും താഹയുടെയും കുടുംബങ്ങൾക്ക് നിയമസഹായം നൽകുകയും ചെയ്തു. യുഎപിഎ നിയമത്തോട് സിപിഎം ഇപ്പോഴും എതിരാണെന്നും ആ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും പി മോഹനൻ വ്യക്തമാക്കുകയും ചെയ്യുന്നു.

പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ അലന്റെ  കുടുംബത്തിന്റെ  പരാതികളെക്കുറിച്ച് ചോദിച്ചപ്പോൾ, കുട്ടികളുടെ രക്ഷിതാക്കൾക്ക് വേവലാതി ഉണ്ടാകുമെന്നും, രക്ഷിതാക്കളുടെ പരാതി ഗൗരവമായി കാണുന്നുവെന്നും പി മോഹനൻ വ്യക്തമാക്കി. പാർട്ടി പ്രശ്നം പരിഹരിക്കുമെന്നും പി മോഹനന്റെ  ഉറപ്പ്. അലന്‍റെയും താഹയുടെയും കുടുംബാംഗങ്ങളെ കാണാനായി എത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ച പി മോഹനൻ, യുഎപിഎ നിയമം പാസ്സാക്കിയ ചെന്നിത്തലയ്ക്ക് ഇതിൽ ഇപ്പോൾ ഇടപെടാൻ എന്ത് ധാർമികമായ അവകാശമാണുള്ളതെന്നും ചോദിച്ചു.

കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മാവോയിസവും ഇസ്ലാമിസവും എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലായിരുന്നു അലന്‍ ഷുഹൈബ് എസ്എഫ്ഐയെ മറയാക്കി മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്ന പി ജയരാജൻ പറഞ്ഞത്. ഇത് വലിയ വിവാദമായി. ഇതിനു മറുപടിയായാണ് ‘ജയരാജന്‍ സഖാവ് വായിച്ചറിയാ’നെന്ന പേരില്‍ സബിത ശേഖര്‍ തന്റെ  ഫെയ്സ് ബുക്ക് പേജില്‍ ജയരാജനു മറുപടി നല്‍കിയത്.

അലൻ എസ്എഫ്ഐയിൽ ഒരിക്കലും സജീവമായിരുന്നില്ല. വീടിന് അടുത്തുള്ള പ്രാദേശിക സിപിഎം ഘടകവുമായി ചേർന്നാണ് അവൻ പ്രവർത്തിച്ചിരുന്നത്. എസ്എഫ്ഐയിൽ കാര്യമായി പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാൻ സാധിക്കുകയെന്നും എസ്എഫ്ഐക്കാർക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ താങ്കള്‍ വിചാരിക്കുന്നതെന്നും സബിത ചോദിച്ചു.

പിന്നാലെ മാധ്യമങ്ങള്‍ക്കു മുന്നിലും സബിത വിമര്‍ശനം ആവര്‍ത്തിച്ചു. ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഎമ്മിന് രണ്ട് സ്വഭാവമാണെന്നും സബിത വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടേതടക്കമുള്ള പ്രസ്താവനകൾ ഞെട്ടിച്ചെന്നും നേരിട്ട് കണ്ടപ്പോൾ വളരെ സൗഹാർദ്ദപരമായി സംസാരിച്ച മുഖ്യമന്ത്രി ഇപ്പോഴെന്തുകൊണ്ട് ഇങ്ങനെ സംസാരിക്കുന്നുവെന്ന് അറിയില്ലെന്നുമായിരുന്നു താഹയുടെ അമ്മ ജമീലയുടെ പ്രതികരണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിഷു ദിനത്തില്‍ ചോറ്റാനിക്കരയിൽ നിന്ന് കാണാതായ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി

0
കൊച്ചി : ചോറ്റാനിക്കരയിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി. തമിഴ്നാട്...

ചോറ്റാനിക്കരയിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി

0
കൊച്ചി : ചോറ്റാനിക്കരയിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി. തമിഴ്നാട് കാരെക്കുടി...

ആശവർക്കർമാർ തുടരുന്ന അനിശ്ചിതകാല സമരത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ

0
കോട്ടയം : സെക്രട്ടേറിയറ്റ് മുമ്പിലെ ആശവർക്കർമാർ തുടരുന്ന അനിശ്ചിതകാല സമരത്തിൽ സംസ്ഥാന...

ഭാര്യ തന്‍റെ നാല് കാമുകന്മാരുമായി ചേർന്ന് തന്നെ കൊല്ലാൻ പദ്ധതിയിടുന്നുവെന്ന് ഭർത്താവ്

0
ലക്‌നൗ : ഭാര്യ തന്റെ നാല് കാമുകന്മാരുമായി ചേർന്ന് തന്നെ...