കൊച്ചി: വാണിജ്യ ഏജന്‍സികള്‍ക്ക് ലാഭകച്ചവടത്തിനായി വിട്ടുകൊടുക്കാവുന്ന വില്‍പ്പനചരക്കായി മെഡിക്കല്‍ ഓക്‌സിജനെ സര്‍ക്കാര്‍ കാണരുതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പും കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റും കേരള ഇന്റര്‍ചര്‍ച്ചു കൗണ്‍സില്‍ ചെയര്‍മാനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. രാജ്യത്തെ ആശുപത്രികളിലും ആരോഗ്യ പരിപാലനകേന്ദ്രങ്ങളിലും മരണവുമായി മല്ലടിക്കുന്നവരുടെ ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജന്‍ അടിയന്തരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കണം. കൊവിഡിന്റെ വ്യാപനത്തോടെ മെഡിക്കല്‍ ഓക്‌സിജന്റെ വലിയ അഭാവമുള്ളതിനാല്‍ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം അപകടത്തിലാണ്. ഈ ഘട്ടത്തില്‍ മെഡിക്കല്‍ ഓക്‌സിജന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയെപ്പോലെ പ്രാധാന്യം നല്‍കണം.
അമിതവില കാരണം ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് മെഡിക്കല്‍ ഓക്‌സിജന്‍ വാങ്ങാന്‍ കഴിയാത്ത ധാരാളം ആളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. രാജ്യത്തെ നിര്‍ണായക പ്രതിസന്ധി ഘട്ടത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത അടിസ്ഥാന ആവശ്യമായി കണക്കാക്കി ആവശ്യമുള്ള എല്ലാ ആളുകള്‍ക്കും സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ആവശ്യക്കാര്‍ക്കു ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനു തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തി സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
ജനങ്ങളുടെ അടിയന്തിര ആവശ്യം പരിഗണിച്ചു ആവശ്യമെങ്കില്‍ വിദേശത്ത് നിന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ വഴി ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കൊവിഡ് പകര്‍ച്ചവ്യാധിയുടെ ഘട്ടത്തില്‍ രാജ്യത്തെ ജനങ്ങളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നതിന് ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. അനാവശ്യ വിമര്‍ശനങ്ങളും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും വിലയേറിയ സമയം പാഴാക്കാന്‍ അനുവദിക്കരുത്.
രാജ്യത്തെ എല്ലാ ആശുപത്രികളിലും ആരോഗ്യ പരിപാലനകേന്ദ്രങ്ങളിലും ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതുവഴി ഒരാളുടെ പോലും ജീവന്‍ ഓക്‌സിജന്റെ അഭാവം കൊണ്ടു നഷ്ടപ്പെടുകയില്ലായെന്നു കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ ഈ ആരോഗ്യപ്രതിസന്ധിയില്‍ സര്‍ക്കാരുകളോട് ചേര്‍ന്നു കത്തോലിക്കസഭാ സംവിധാനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാധ്യമായ മേഖലകളിലെല്ലാം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇനിയും സന്നദ്ധമാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അറിയിച്ചു.