കോന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഗജരാജൻ അമ്പലപ്പുഴ വിജകൃഷ്ണന്റെ ജഡം കോന്നി ഫോറസ്റ് ഡിവിഷനിലെ ഉളിയനാട് വനത്തിൽ സംസ്കരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ അമ്പലപ്പുഴയിൽ നിന്നും കല്ലേലിയിൽ എത്തിച്ച ജഡം രാവിലെ പത്ത് മണിയോടെ നടുവത്തുംമൂഴി റേഞ്ച് പരിധിയിലെ ഉയ്യനാട് വനത്തിൽ എത്തിച്ചു.
തുടർന്ന് സോഷ്യൽ ഫോറെസ്റ്ററി റേഞ്ച് ഓഫീസർ പി കെ രാജേഷ്,ഫ്ളൈയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ ശരത്ത് ചന്ദ്രൻ, ഫോറസ്റ്റ് വെറ്റിനറി ഡോക്ടർമാരായ ശ്യാം,സിബി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം മറവ് ചെയ്തത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ദിവസം ഉപദേശക സമിതി അംഗങ്ങൾ അടക്കം സ്ഥലത്തെത്തി വിജയകൃഷ്ണന് അന്തിമോപചാരം അർപ്പിച്ചു.
വ്യാഴാഴ്ച്ച പകൽ 11.45 ഓടെയാണ് വിജയകൃഷ്ണൻ ചരിയുന്നത്. കുളിപ്പിച്ച ശേഷം നടത്തുമ്പോൾ ആനത്തറിയിൽ വീഴുകയായിരുന്നു. അമ്പത്തിമൂന്നു വയസ് പ്രായമുണ്ടായിരുന്ന വിജകൃഷ്ണനെ 1989 മാർച്ച് 23 നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കിരുത്തുന്നത്. കൊല്ലം ജില്ലയിൽ നിന്നുമാണ് ആനയെ നടക്കിരുത്തുന്നതിനായി വാങ്ങുന്നത്. എന്നാൽ പാപ്പാന്മാരുടെ പീഡനമാണ് ആന ചാരിയുവാൻ ഉണ്ടായ സാഹചര്യം എന്നും ആക്ഷേപം ഉയരുന്നുണ്ട്.
ജനുവരി 28നാണ് വിജയകൃഷ്ണനെ മറ്റ് ക്ഷേത്രങ്ങളിൽ നടക്കിരുത്താനായി കൊണ്ടുപോകുന്നത്. മാർച്ച് 26ന് ആനയെ തിരികേ എത്തിച്ചപ്പോൾ വലത് കാലിൽ ഉണ്ടായ മുറിവ് കാരണം ആനയ്ക്ക് നിൽക്കാൻ ആകാത്ത സ്ഥിതിയിൽ ആയിരുന്നു. സംഭവത്തെ തുടർന്ന് വിജയകൃഷ്ണൻ്റെ പാപ്പാൻമാരായ പ്രദീപ്,അനിയപ്പൻ എന്നിവരെ അന്വേഷ വിധേയമായി സസ്പെൻ്റ് ചെയ്തിരുന്നു. 2019ലെ തൃശൂർ പൂരത്തിൽ തിരുവമ്പാടി ദേവസ്വത്തിൻ്റെ എഴുന്നള്ളിപ്പിന് മുമ്പിൽി നിന്ന അഞ്ച് ആനകളിൽ ഒന്ന് വിജയകൃഷ്ണൻ ആയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ യഥാർഥ മരണ കാരണം വ്യക്തമാകൂ എന്നും അധികൃതർ പറഞ്ഞു.