ആലപ്പുഴ: ആലപ്പുഴയില്‍ 15കാരന്‍ മരിച്ചത് അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് രോഗത്തെ തുടര്‍ന്നാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് രോഗമാണ് 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിക്ക് സ്ഥിരീകരിച്ചത്. അഞ്ചു വര്‍ഷത്തിന് ശേഷമാണ് ആലപ്പുഴയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളത്തില്‍ ജീവിക്കുന്ന അമീബ രോഗാണുവാണ് രോഗം പരത്തുന്നത്.
നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ രോഗാണു കടക്കും. പനി,തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. രോഗത്തിന്റെ രൂക്ഷത കണക്കിലെടുത്ത് മലിനജലത്തില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള പ്രതിരോധശക്തിക്കുറവുള്ളതുകൊണ്ടാണോ അപൂര്‍വ്വം ചിലരില്‍ മാത്രം ഈ രോഗമുണ്ടാകുന്നത് എന്നത് ഇതുവരെ വ്യക്തമല്ല. ഈ രോഗം ഒരാളില്‍ നിന്നും വേറൊരാളിലേക്ക് പകരില്ല. അപൂര്‍വ്വമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്‌കജ്വരം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. കുളിക്കുമ്പോള്‍ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തില്‍ പ്രവേശിക്കില്ല. എന്നാല്‍ ഡൈവ് ചെയ്യുമ്പോളോ നീന്തുമ്പോളോ വെള്ളം ശക്തിയായി മൂക്കില്‍ കടന്നാല്‍, അമീബ വെള്ളത്തില്‍ ഉള്ളപക്ഷം, മൂക്കിലെ അസ്ഥികള്‍ക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു.