അമ്പലപ്പുഴ : ആലപ്പുഴയിൽ മധ്യവയസ്കൻ വീടിനു സമീപത്തെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് പറവൂർ വാടക്കൽ കല്ലുപുരക്കൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ ദിനേശനെയാണ്(53) വീടിന് സമീപത്തെ തരിശുപാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദിനേശന്റെ അയൽവാസി പുന്നപ്ര വടക്ക് പഞ്ചായത്ത് കൈതവളപ്പിൽ വീട്ടിൽ കിരണിനെ(29) പോലീസ് കസ്റ്റഡിയിലെടുത്തു. ശനി വൈകിട്ട് 4.30 ഓടെ സമീപവാസികളാണ് വീടിനു സമീപം മൃതദേഹം കണ്ടെത്തിയത്. രാവിലെ പാടത്ത് ചൂണ്ടയിടാൻ എത്തിയ കുട്ടികൾ, ഒരാൾ കമിഴ്ന്ന് കിടക്കുന്നതായി കണ്ടെങ്കിലും ഉറങ്ങുകയാണന്ന് കരുതുകയായിരുന്നു.
എന്നാൽ ഏറെ നേരം കഴിഞ്ഞും ആൾ ഏഴുന്നേറ്റില്ലെന്നറിഞ്ഞതോടെ നാട്ടുകാർ സംശയത്തിലാവുകയായിരുന്നു. തുടർന്ന് പുന്നപ്ര പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് ദിനേശനാണന്ന് തിരിച്ചറിഞ്ഞത്. ദേഹത്തും കൈക്കും പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. ഇതോടെ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും, ഞായറാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വൈദ്യുതാഘാതമേറ്റാണ് മരണമെന്നും കണ്ടെത്തുകയായിരുന്നു. മാസങ്ങളായി വീടുമായി സഹകരണമില്ലാതെ കഴിഞ്ഞ ദിനേശൻ പറവൂരിലെ സ്വകാര്യ ലോഡ്ജിലായിരുന്നു താമസം.