ആലപ്പുഴ: കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ പൈതൃകം കാത്ത് സൂക്ഷിക്കാന്‍ കടല്‍പാലം പുനര്‍നിര്‍മ്മിക്കുന്നു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ ആലപ്പുഴ കടല്‍പാലം 15 മാസത്തിനകം നിര്‍മിക്കും. പുതിയ കടല്‍പാലം കപ്പലുകള്‍ അടുപ്പിച്ച് ചരക്കുകള്‍ ഇറക്കാന്‍ പറ്റുന്നതല്ല. യാത്രാ ബോട്ടുകള്‍ ഇതുവഴി കൊണ്ടുവരാന്‍ മാരിടൈം ബോര്‍ഡ് ആലോചിക്കുന്നുണ്ട്. നൂറ്റിയന്‍പതു വര്‍ഷത്തിലേറെ പഴക്കമുള്ള ആലപ്പുഴ കടല്‍പാലത്തിലെ അവശേഷിച്ച ഇരുമ്പ് തൂണുകള്‍ പുതിയ കടല്‍പാലത്തിന്റെ ഭാഗമായി സംരക്ഷിച്ചു നിര്‍ത്താനുള്ള ചുമതല മുസരിസ് പ്രോജക്ടിന് ആണെങ്കിലും തീരുമാനം ആയിട്ടില്ല. ലൈറ്റ് ഹൗസില്‍ നിന്നും ബീച്ചിലേക്ക് പോകുന്ന റോഡിന്റെ എതിര്‍വശം പഴയ കടല്‍പാലം അവസാനിക്കുന്ന കരയില്‍ നിന്നും 300 മീറ്റര്‍ നീളത്തിലും 3 മീറ്റര്‍ വീതിയിലുമാണ് പുതിയ കടല്‍പാലം നിര്‍മിക്കുന്നത്.
കരയില്‍ നിന്നു പുതിയ പാലത്തിലേക്ക് കയറാന്‍ 50 മീറ്റര്‍ നീളത്തില്‍ ചരിവ് ഉണ്ടാകും. പാലത്തില്‍ ടീ ഷോപ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ആളുകള്‍ക്ക് ഇരുന്ന് കടല്‍ കാണാനുള്ള സൗകര്യം എന്നിവ ഒരുക്കും. മുന്‍ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മുന്‍കയ്യെടുത്ത് തുടങ്ങിയ ആലപ്പുഴ നഗര പൈതൃക പദ്ധതിയുടെ ഭാഗമാണ് ടൂറിസം കടല്‍പാലം. നഗരത്തിന്റെ നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ 20 മ്യൂസിയങ്ങളും 11 സ്മാരകങ്ങളും 5 പൊതു ഇടങ്ങളും ചേര്‍ത്ത പൈതൃക പദ്ധതി 2020 നവംബര്‍ 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. അതില്‍ കടല്‍പാലം, മാരിടൈം സിഗ്‌നല്‍ സ്റ്റേഷന്‍, പോര്‍ട്ട് ഓഫിസ് തുടങ്ങിയവ ഉള്‍പ്പെടുത്തി തുറമുഖ മ്യൂസിയം പദ്ധതിയും ഉണ്ടായിരുന്നു.
ഇതിനായി തുറമുഖ വകുപ്പിന്റെ 10 ഏക്കര്‍ സ്ഥലം പ്രയോജനപ്പെടുത്തും. കടല്‍പാലം നിര്‍മാണത്തിന് കിഫ്ബി 20 കോടി രൂപ അനുവദിച്ചു. നിര്‍മാണം ഏറ്റെടുത്ത ഇന്‍കല്‍ കണ്‍സല്‍റ്റന്‍സി ലിമിറ്റഡ് 2 തവണ ടെന്‍ഡര്‍ ചെയ്‌തെങ്കിലും ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്. യഥാസമയം ടെന്‍ഡര്‍ നടന്നിരുന്നെങ്കില്‍ ഡിസംബറില്‍ പണി തുടങ്ങുമായിരുന്നു. സര്‍ക്കാരിന്റെ സ്‌പെഷല്‍ ഓര്‍ഡറും ടൂറിസം വകുപ്പ്, കിഫ്ബി എന്നിവയുടെ അംഗീകാരവും ലഭിച്ച ശേഷം അടുത്ത മാസത്തോടെ പണി തുടങ്ങുമെന്നു ഇന്‍കല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ എം.ജി.വിജയകുമാര്‍ പറഞ്ഞു.