പാലക്കാട് : ആന്ധ്രയിൽനിന്ന് വയനാട്ടിലേക്ക് കാറിൽ കടത്തുകയായിരുന്ന 142 കിലോ കഞ്ചാവ് ആലത്തൂരിൽ പോലീസ് പിടികൂടി. കാറിലുണ്ടായിരുന്ന വയനാട് സുൽത്താൻബത്തേരി സ്വദേശി അബ്ദുൾ ഖയ്യും (36), കൽപ്പറ്റ ചുഴലി സ്വദേശി മുഹമ്മദ് ഷിനാസ് (24) എന്നിവരെ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ ആണ് ഇവർ പിടിയിലായത്. ദേശീയപാത ആലത്തൂർ സ്വാതി ജങ്ഷനിൽ കാർ നിർത്തിയിട്ട് രണ്ടുപേർ കിടക്കുന്നത് കണ്ട് ഹൈവേ പട്രോളിങ് സംഘം വിവരം തിരക്കിയപ്പോൾ അബ്ദുൾ ഖയ്യും മുഹമ്മദ് ഷിനാസും പരുങ്ങുകയും പരസ്പരവിരുദ്ധമായി സംസാരിക്കുകയും ചെയ്തു.
ഹൈവേ പോലീസ് ആലത്തൂർ സ്റ്റേഷനിൽ അറിയിച്ചതനുസരിച്ച് കൂടുതൽ പോലീസുകാരെത്തി വാഹനം പരിശോധിച്ചപ്പോഴാണ് 20 പൊതികളിലായി ഡിക്കിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ഡി.വൈ.എസ്.പി കെ.എം. ദേവസ്യ, ഇൻസ്പെക്ടർ റിയാസ് ചാക്കേരി, എസ്.ഐ ജിഷ്മോൻ വർഗീസ് എന്നിവരും സ്ഥലത്തത്തി.
കഞ്ചാവ് കോഴിക്കോടും വയനാട്ടിലുമുള്ള സംഘങ്ങൾക്ക് കൈമാറാൻ ആന്ധ്രയിൽനിന്ന് കൊണ്ടുവന്നതാണെന്ന് അബ്ദുൾ ഖയ്യും മുഹമ്മദ് ഷിനാസും സമ്മതിച്ചതായി പോലീസ് പറഞ്ഞു. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ കഞ്ചാവുവിൽപ്പനയും ഹാഷിഷ് ഓയിൽ നിർമാണവും നടത്തുന്ന സംഘത്തിലെ കണ്ണികളാണിവർ. മൂന്ന് ദിവസംമുമ്പ് ആലത്തൂരിൽനിന്ന് ഹാഷിഷ് ഓയിലുമായി ഒരാളെ പോലീസ് പിടികൂടിയിരുന്നു.