കണ്ണൂര്‍: സുഡാനില്‍ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റി(48)ന്റെ ഭാര്യയും ഇളയ പെണ്‍കുട്ടിയും പരിഭ്രാന്തയായ അവസ്ഥയില്‍. സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മൃതദേഹം പോലും നീക്കാന്‍ കഴിഞ്ഞില്ലെന്നും ഫ്‌ലാറ്റിന്റെ അടിത്തട്ടില്‍ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണ് താനും മകളുമെന്നും ഇസബെല്ല പറഞ്ഞു. സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് സുഡാനില്‍ കൊല്ലപ്പെട്ടത്.
ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍. ഇവര്‍ മൂവരും താമസിച്ച ഫ്‌ലാറ്റില്‍ ജനലിനരികെ നില്‍ക്കവേയാണ് ആല്‍ബര്‍ട്ടിന് ഇന്നലെ രാവിലെ വെടിയേറ്റത്. ഭാര്യ ഇസബല്ലയ്ക്കും മകള്‍ മരീറ്റയ്ക്കും ഒപ്പം നില്‍ക്കുമ്പോഴാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. പരിഭ്രാന്തരായ ഭാര്യയും മകളും താഴെ ബങ്കറില്‍ അഭയം തേടിയിരിക്കുകയാണ്. മൃതദേഹം അവിടെ നിന്നു മാറ്റാന്‍ പോലും ഭാര്യയ്ക്കും മകള്‍ക്കും കഴിഞ്ഞിട്ടില്ല. ആംബുലന്‍സ് വന്നെങ്കിലും സുഡാനില്‍ കലാപം നടക്കുന്നതിനാല്‍ ആംബുലന്‍സിനെ സൈനികര്‍ കടത്തിവിട്ടില്ല.