ബീഹാര്‍: ബീഹാറിലെ മദ്യനിരോധനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്ത് അനധികൃതവും വ്യാജവുമായ മദ്യവ്യാപാരത്തെ നേരിടാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചു. മദ്യവ്യാപാരം ഉപേക്ഷിക്കുന്നവര്‍ക്ക് ഉപജീവനത്തിനായി സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
ബീഹാറിലെ മദ്യനിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി. 2016ലാണ് മദ്യനിരോധന നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയത്. നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം നാല് ലക്ഷത്തോളം പേരെ വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ‘ആരോഗ്യകരവും സന്തുഷ്ടവുമായ’ ബീഹാറിനായുള്ള നിലപാട് ലഹരി വിരുദ്ധ ദിനത്തില്‍ നിതീഷ് കുമാര്‍ വ്യക്തമാക്കി. സമൃദ്ധവും ആരോഗ്യകരവും സന്തുഷ്ടവുമായ ബീഹാറിനായി മയക്കുമരുന്ന് രഹിത സമൂഹം കെട്ടിപ്പടുക്കുന്നതില്‍ എല്ലാവരും യോജിച്ചുള്ള പങ്ക് വഹിക്കണമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.