കോട്ടയം: വിദ്യാലയങ്ങളെ ലഹരിയുടെ പിടിയില്‍ നിന്ന് സംരക്ഷിക്കാനും ലഹരി വിരുദ്ധ സമൂഹത്തിനായി ഒന്നിച്ച് കൈകോര്‍ക്കുവാനുള്ള ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുക്കണമെന്ന് ജോസ് കെ മാണി എം. പി പറഞ്ഞു. യുവാക്കളുടെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടേയും ഇടയില്‍ ലഹരി മരുന്നുകളുടെ ഉപയോഗങ്ങള്‍ കേരളത്തില്‍ കൂടി വരുന്നുവെന്നുള്ളത് ആശങ്കയോടെ മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ. യുവതലമുറയെ രക്ഷിക്കാന്‍ മത രാഷ്ട്രീയ പ്രസ്ഥാനങ്ങളും സര്‍ക്കാരും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ലഹരി മുക്ത കലാലയങ്ങള്‍ സമൂഹത്തിന്റെ ഭാവി പ്രകാശദൂരിതമാകുമെന്നും ജോസ് കെ മാണി എം. പി അഭിപ്രായപ്പെട്ടു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ ‘എന്റെ വിദ്യാലയം ലഹരിമുക്തം’ എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കുറ്റകൃത്യങ്ങളുടെയും അപകടങ്ങളുടെയും എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യം അപകടകരമാണെന്നും ലഹരി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ശത്രുവാണന്നും മാതാപിതാക്കളും അദ്ധ്യാപകരും ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍. എ മുഖ്യാതിഥിയായിരുന്നു. ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. സി. സി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ്, കെ. സി. സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജോജി പി. തോമസ്, സംസ്ഥാന സമിതി അംഗങ്ങളായ ഡോ. ജയ്‌സി കരിങ്ങാട്ടില്‍, ലിനോജ് ചാക്കോ, പ്രധാന അധ്യാപിക ബീന ബേബി എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ എന്റെ വിദ്യാലയം ലഹരി മുക്തം പദ്ധതി നടപ്പിലാക്കും.