നെടുമ്പാശേരി : മാസ്ക് ധരിക്കാതെ മദ്യം വാങ്ങാൻ വന്നയാളെ പുറത്താക്കിയ ബിവറേജസ് കോർപറേഷൻ ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു. ഗുരുതരമായി പരുക്കേറ്റ ബിവറേജസ് നെടുമ്പാശേരി ഷോപ്പിലെ ക്ലാർക്ക് സേവ്യർ തോമസിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് മാസ്ക് ധരിക്കാതെ സെൽഫ് സർവ്വീസ് കൗണ്ടറിലെത്തിയ ആളെ ജീവനക്കാർ ബലമായി പുറത്താക്കി. സേവ്യർ തോമസ് ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോൾ, ഓട്ടോറിക്ഷയിൽ കാത്തിരുന്ന ഇയാൾ മദ്യക്കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി.