കൊച്ചി : കോവളത്ത് വിദേശിയെ പോലീസ് ഉദ്യോഗസ്ഥർ അപമാനിച്ച സംഭവത്തെത്തുടർന്ന് പല സംശയങ്ങളാണ് ഉയർന്നത്. ഒരാൾക്ക് എത്ര ലിറ്റർ മദ്യം കൊണ്ടുപോകാം, അതിന് ബില്ല് ആവശ്യമാണോ? വാഹനത്തിൽ സൂക്ഷിക്കാനും ബില്ല് വേണോ? എന്നിങ്ങനെയായിരുന്നു സംശയങ്ങൾ. മദ്യം കൊണ്ടുപോകാൻ ബില്ല് ആവശ്യമില്ല, ബില്ല് കയ്യിലുള്ളത് തെളിവാണെങ്കിലും ഇത് കയ്യിലില്ലെങ്കിൽ കേസെടുക്കാനാകില്ല. മദ്യക്കുപ്പിയിൽ കൃത്യമായി വിവരങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഓരോ വ്യക്തിയും വ്യത്യസ്തമാകുന്നതുപോലെ ഓരോ മദ്യക്കുപ്പിയും വ്യത്യസ്തമാണ്. അതുകൊണ്ട് ബില്ല് വേണമെന്ന് നിയമങ്ങളിൽ പ്രത്യേക നിഷ്കർഷയില്ല. കോവളത്തെ സംഭവത്തിൽ അതുകൊണ്ട് ബില്ലില്ല എന്ന പേരിൽ കേസെടുക്കാൻ വകുപ്പില്ല.
എന്നാൽ ബില്ല് മദ്യത്തിന്റെത് മാത്രമല്ല ഒരു നാരങ്ങാമുട്ടായിട്ടുടേത് ആണെങ്കിൽ പോലും സൂക്ഷിക്കണം. അത് നമ്മുടെ അവകാശമാണ്. കൂടാതെ നല്ല തെളിഞ്ഞു കാണുന്ന മഷിയോടുകൂടിയതും ക്വാളിറ്റിയുള്ള പേപ്പറിലുമായിരിക്കണം എന്നും നമ്മുടെ നാട്ടിൽ പ്രത്യേക നിയമമുണ്ട്. വിദേശമദ്യം മൂന്ന് ലിറ്ററും കള്ള് ഒരു ലിറ്ററും ബിയർ മൂന്നരലിറ്ററുമാണ് ഒരാൾക്ക് കൊണ്ടുപോകാവുന്നത്. മൂന്നരലിറ്റർ വരെ വെെനുമായും യാത്രചെയ്യാവുന്നതാണ്. പാർട്ടികളും മറ്റും നടത്തുമ്പോൾ വൺ ഡേ പെർമിറ്റ് എടുത്താൽ കൂടുതൽ മദ്യം കൊണ്ടുപോകാം. പക്ഷെ അതിനു പെർമിറ്റ് ഫീസായി 1500 രൂപയും 50,000 രൂപ അല്ലാതെയും അടക്കണം. ജിഎസ്ടിയും ടാക്സുമുൾപ്പെടെ മദ്യത്തിന്റെ വിലയ്ക്കു പുറമെയാണ് ഈ തുക. എത്ര ലിറ്റർ മദ്യം കൊണ്ടു പോകാമെന്നത് പാർട്ടിയിൽ പങ്കെടുക്കുന്ന ആളിന്റെ എണ്ണത്തിനനുസരിച്ചാണ് കണക്കാക്കുക. ഇത് കൃത്യമായി പരിശോധിച്ച ശേഷമാകും വിളമ്പുക. ഇത് അബ്കാരി നിയമപരിധിയിലാണ് വരിക.
കൂടാതെ സർക്കാർ നൽകുന്ന മദ്യം അനധികൃതമാണോ വ്യാജനാണോ ടാക്സ് അടക്കാത്തതാണോ എന്നൊക്കെ തെളിയിക്കാൻ നിയമപരമായ നിരവധി മാർഗ്ഗങ്ങളുണ്ട്. ബില്ലില്ല എന്നപേരിൽ നിയമനുസൃതമായി മദ്യം കൈവശം വെച്ച വ്യക്തിയെ (സ്വാദേശിയോ വിദേശിയോ ആകട്ടെ ) റോഡിൽ വെച്ച് ഭീഷണിപ്പെടുത്താനോ മദ്യം നശിപ്പിക്കാനോ നശിപ്പിക്കാൻ ആവശ്യപ്പെടാനോ പോലീസിനോ എക്സൈസിനോ അധികാരമോ അവകാശമോ ഇല്ല എന്നതാണ് നിയമം. മദ്യ കുപ്പിയിൽ തന്നെ എല്ലാവിധ സെക്കുരിറ്റിയും ഹോളോഗ്രാമും, ബാർ കോഡും, സെക്കുരിറ്റി സീരിയൽ നമ്പറുകളും ഉൾപ്പെടെയുണ്ട്.
മദ്യക്കുപ്പിയിൽ സുരക്ഷാ സ്റ്റിക്കർ ഉണ്ടായിരിക്കണം എന്ന് നിർബന്ധമാണ്.
അല്ലാത്ത പക്ഷം അതിന്റെ വിവരങ്ങൾ തിരിച്ചറിയാനാകില്ല. മദ്യക്കുപ്പികളിൽ സാധാരണ രണ്ട് തരത്തിലുള്ള സ്റ്റിക്കറുകളാണ് ഉണ്ടാവുക. മദ്യക്കമ്പനിയുടെ ലേബലും സുരക്ഷാ സ്റ്റിക്കറും. ലേബലിൽ നിന്ന് ഏത് തരം മദ്യമാണെന്നും അത് നിർമ്മിച്ചത് ആരാണെന്നും അളവ് എത്രയാണെന്നും രേഖപ്പടുത്തിയിരിക്കും. സുരക്ഷാ സ്റ്റിക്കർ മദ്യക്കുപ്പിയുടെ അടപ്പിന്റെ മുകളിലാണ് ഉണ്ടാവുക. ഇതിൽ ഹോളോഗ്രാം മുദ്രയും നിർബന്ധമാണ്. ഈ രണ്ട് സ്റ്റിക്കറുകളും നിർബന്ധമാണ്. സ്റ്റിക്കറില്ലെങ്കിൽ പിടിവീഴാനുള്ള കാരണണമാകും. മദ്യക്കുപ്പിയിൽ ആവശ്യത്തിന് എല്ലാ രേഖകളും സെക്കുരിറ്റിയും ഉണ്ടെന്നതിനാലാണ് ബില്ലിൽ ഉപഭോക്താവിന്റെ പേരോ, നാളോ, വിലാസമോ പ്രിന്റ് ചെയ്യാതെ മദ്യത്തിന്റെ വിവരങ്ങൾ മാത്രം പ്രിന്റ് ചെയ്ത് നൽകുന്നതും. ഏത് ഔട്ട് ലെറ്റിൽ നിന്നാണ് മദ്യം വാങ്ങിയത് എന്നതും ഏത് ബാച്ചിൽ ഉള്ള മദ്യമാണ് എന്നതുവരെ ഒറ്റ ക്ലിക്കിൽ അറിയാൻ സാധിക്കും.
അതുകൊണ്ട് മദ്യം കൊണ്ടുപോകുന്നവർ ബില്ല് കൈവശം വെക്കുന്നില്ല എന്നതിന് പരസ്യവിചാരണയും ശിക്ഷാവിധിയും നടപ്പിലാക്കാൻ ഒരു നിയമപാലകർക്കും അധികാരമോ അവകാശമോ ഇല്ല. നിയമനുസൃത അളവിലാണ് മദ്യം കയ്യിൽ ഉള്ളത് എങ്കിൽ, കേരളത്തിൽ വില്പന നടത്താവുന്ന നികുതി അടച്ച മദ്യമാണെങ്കിൽ ബോട്ടിലുകളിൽ നിന്നുതന്നെ വില്പന നടത്തിയ ഔട്ട് ലെറ്റിന്റെ ഉൾപ്പെടെ എല്ലാ വിവരങ്ങളും നിയമപാലകർക്കും, വ്യക്തികൾക്കും ലഭ്യമാകും. അതുകൊണ്ടുതന്നെ വില്പനക്കുള്ള അളവിലല്ലെങ്കിൽ, വില്പന നടത്തുകയല്ലെങ്കിൽ, പബ്ലിക്കായി മദ്യപിക്കുകയോ, മദ്യപിച്ച് വാഹനമോടി ക്കുകയോ ചെയ്തില്ലെങ്കിൽ ഏതൊരാളെയും ഭീഷണിപ്പെടുത്താനോ അയാളുടെ കൈവശമുള്ള മദ്യം നശിപ്പിക്കാനോ കേസെടുക്കാനോ പാടുള്ളതല്ല.
വാഹന പരിശോധനക്കിടെ ഒരാളുടെ കൈവശം അളവിൽ കൂടുതൽ മദ്യമുണ്ടോ എന്നും അനധികൃത മദ്യമാണോ എന്നന്വേഷിക്കാനും നടപടി എടുക്കാനും പോലീസിന് അധികാരമുണ്ട്. ബില്ലില്ലാതെ കൊണ്ടുവരുന്ന മദ്യം വ്യാജമാണോ എന്ന് സംശയം തോന്നി എങ്കിൽ പരിശോധനക്കായി പിടിച്ചെടുക്കാനും ലാബിൽ അയച്ച് പരിശോധിക്കാനും കേസ് രജിസ്റ്റർ ചെയ്യാനും സാധിക്കും. അത്തരം സാഹചര്യങ്ങളിൽ അനധികൃത മദ്യമാണ് എങ്കിൽ അബ്കാരി നിയമം 55(a), അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചു എങ്കിൽ 63 തുടങ്ങി അബ്കാരി നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുക്കാം. എന്നാൽ കേസ് തെളിയിക്കേണ്ട ബാധ്യത പോലീസിന്റെയും എക്സൈസിന്റെയും പ്രോസിക്കൂഷന്റെയുമാണ്.WPC No. 17383/2017 എന്ന കേസിൽ അലക്സ് വി ചാക്കോ നൽകിയ ഹർജ്ജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ഇക്കാര്യം വ്യക്തമായി വിധിച്ചിട്ടിട്ടുണ്ട്. കൂടാതെ Sabu vs State Of Kerala 2003 കേസിലും സമാന കാര്യങ്ങളാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
അതേസമയം ബാറുകളിൽ നിന്ന് മദ്യക്കുപ്പി വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ബാറിനെതിരെയും വ്യക്തിക്കെതിരേയും കേസെടുക്കാം. ബാറുകൾക്ക് മദ്യം വിളമ്പാനുള്ള അധികാരമേ ഉള്ളു. പാഴ്സൽ നൽകാൻ അധികാരമില്ല.കോവിഡ് കാലത്ത് പ്രത്യേക സാഹചര്യത്തിൽ വളരെ കുറച്ചു നാളത്തേക്ക് ഇത് അനുവദിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് ബാറുകൾ തുറന്നതോടെ ഇത് നിർത്തലാക്കിയിട്ടുണ്ട്. ഇനി ബാറിൽ നിന്ന് മദ്യക്കുപ്പി വാങ്ങിയാൽ കുറ്റകരമാണ്.
മിലിറ്ററി ക്വാട്ടയായി ലഭിക്കുന്ന മദ്യം അത് അനുവദിച്ച വ്യക്തിക്ക് മാത്രമാണ് കൊണ്ടുനടക്കാൻ അനുവാദമുള്ളത്. അല്ലാത്തവരുടെ കയ്യിൽ നിന്ന് ഇത് പിടിച്ചാൽ വ്യാജമദ്യമായാണ് കണക്കാക്കുക. ബന്ധപ്പെട്ട വ്യക്തിയല്ലാത്തവർ മിലിറ്ററി ക്വാട്ടയുമായി സഞ്ചരിക്കുമ്പോൾ സൂക്ഷിക്കുക. പിടിവീഴാം. മിലിറ്ററി അധികാരികൾ അനുവദിച്ച ക്വാട്ട മാത്രമാണ് ഇവർക്ക് ഇപ്രകാരം കൊണ്ടുപോകാൻ അനുവാദമുള്ളത് . അതിൽക്കൂടുതൽ ഉണ്ടെങ്കിൽ അതും നിയമ വിരുദ്ധമാണ്. കൂടാതെ ആഘോഷസമയങ്ങളിലോ മറ്റ് അവസരങ്ങളിലോ വീടുകളിൽ വെെൻ നിർമ്മിക്കാറുണ്ട്. വീടുകളിൽ വെെൻ നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഒരു ശതമാനം ആൽക്കഹോൾ സാന്നിധ്യമുള്ള വെെൻ പോലും നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മദ്യം കൊണ്ടുവരാൻ പാടില്ലെന്നാണ് നിയമം. ഒരു സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കുന്ന മദ്യം അതിനകത്ത് മാത്രമാണ് ഉപയോഗിക്കാനാവുക. മറ്റൊരു സംസ്ഥാനത്തേക്ക് അത് കടത്തുമ്പോൾ വ്യാജമദ്യമായി പരിഗണിച്ച് കേസെടുക്കും.