ന്യൂഡൽഹി : അലിഗഢ് സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീം കോടതി. 1967ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച കേസിലെ വിധിയാണ് ഏഴംഗ ബെഞ്ച് റദ്ദാക്കിയത്. ന്യൂനപക്ഷ സ്ഥാപനമാണോ എന്നത് അതിന്റെ സ്ഥാപകർ ആര് എന്നതിനെ അടിസ്ഥാനമാക്കിയാണെന്നും നിയമപ്രകാരം സ്ഥാപിച്ചുവെന്നത് കൊണ്ട് ഒരു സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി നഷ്ടമാകുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവിക്ക് അർഹത ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാർഗരേഖ സുപ്രീം കോടതി പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും അലിഗഢ് സർവകലാശാല ന്യൂനപക്ഷ സർവകലാശാലയാണോ എന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ ഭിന്നാഭിപ്രായമാണ് ഉണ്ടായത്. ചീഫ് ജസ്റ്റിസ് വിധിയെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർ പിന്തുണച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കർ ദത്ത, എസ് സി ശർമ എന്നിവരാണ് ഭിന്നാഭിപ്രായം ഉന്നയിച്ചത്. ഒരു വിദ്യാഭ്യാസ സ്ഥാപനം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ സ്ഥാപിച്ച് നടത്തുകയാണെങ്കിൽ മാത്രമേ അവർക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാൻ സാധിക്കൂ എന്നാണ് 1967ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ് അസീസ് ബാഷ കേസിൽ വിധിച്ചത്. പാർലമെന്റ് നിർദ്ദേശാടിസ്ഥാനത്തിലാണ് അലിഗഢ് സർവകലാശാല സ്ഥാപിച്ചത്. ഇതിന്ഠെ അടിസ്‌ഥാനത്തിൽ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി ആവശ്യപ്പെടാനാകില്ലെന്നായിരുന്നു നേരത്തെയുള്ള വിധി. ഇതിൽ സംശയം പ്രകടിപ്പിച്ച് അന്ന് അഞ്ചുമാൻ ഇ- റഹ്മാനിയ കേസിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിധിയിൽ മുന്നോട്ടുവന്നിരുന്നു. തുടർന്ന് വിധി പുനഃപരിശോധനയ്ക്കായി 1981ൽ ഏഴംഗ ബെഞ്ചിന് വിട്ടു. 41 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നത്.