റാന്നി: കർഷകരുടെ സഹകരണത്തോടെ റബർ അധിഷ്ഠിത വ്യവസായങ്ങൾ കേരളത്തിൽ ആരംഭിച്ച് റബർ കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ഓൾ ഇന്ത്യ കിസാൻ സഭ വൈസ് പ്രസിഡൻറ് ഇ പി ജയരാജൻ പറഞ്ഞു. റബ്ബർ കർഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടയർ ഉൾപ്പെടെയുള്ള റബർ ഉൽപ്പന്നങ്ങൾക്ക് നല്ല വിപണി ഉണ്ട്. എന്നാൽ വൻകിട കുത്തകകൾ റബ്ബർ കർഷകരെ ചൂഷണം ചെയ്തു കൊള്ള ലാഭം ഉണ്ടാക്കുന്നതിനാലാണ് റബറിന് വിലയിടിവ് നേരിടുന്നത്. ഇതിനെതിരെ കർഷകർ തന്നെ ബദൽ നയം ഉയർത്തിക്കൊണ്ട് വരണം. കൈയ്യുറ, ഗ്ലൗസ്, ടയർ എന്നിവ കൃഷിക്കാരുടെ കൂട്ടായ്മയിലൂടെ ഉൽപ്പാദിപ്പിക്കാൻ കഴിയണം. ഇതുവഴി റബ്ബർ കൃഷി കൂടുതൽ വ്യാപിപ്പിക്കുന്നതിനും കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വഴിതെളിക്കണം. അതിനൊപ്പം റബ്ബറിൻ്റെ ഇറക്കുമതി തടയണം. റബ്ബർ ബോർഡ് കർഷകന്റെ പണം വാങ്ങാനുള്ള സംരംഭമായി മാറരുത്.
റബ്ബറിന് 300 രൂപയെങ്കിലും കിട്ടിയെങ്കിലെ കർഷകർക്ക് മതിയായ ലാഭം ഉണ്ടാകു. റബ്ബർ ഇപ്പോൾ തോട്ടവിളയാണ്. കാർഷിക വിളയായി പ്രഖ്യാപിച്ചാൽ മാത്രമേ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കഴിയു. എന്നാൽ റബറിനെ കാർഷിക വിളക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല അദ്ദേഹം പറഞ്ഞു. കർഷകസംഘം ജില്ലാ പ്രസിഡൻറ് ബാബു കോയിക്കലേത്ത് അധ്യക്ഷത വഹിച്ചു. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ പത്മകുമാർ, പി ആർ പ്രസാദ്, ഓമല്ലൂർ ശങ്കരൻ, കർഷക സംഘം ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള, ശ്രീരേഖ, അഡ്വ. കെപി സുഭാഷ് കുമാർ, ഗീത പ്രസാദ് , പ്രസാദ് എൻ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.