കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിന്റെ വിവാദ നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നായിരിക്കും പ്രധാന ചര്‍ച്ച. ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഭാഗമാകും.
ജനകീയ പ്രതിഷേധങ്ങള്‍ അവഗണിച്ച് ലക്ഷദ്വീപില്‍ വിവാദ ഉത്തരവുകളുമായി അഡ്മനിസ്ട്രേറ്റര്‍ വീണ്ടും മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേരുന്നത്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ ഒറ്റക്കെട്ടായി നിയമപരമായി മുന്നോട്ട് പോകണം എന്ന് അഭിപ്രായം ഉയരുന്നുണ്ട്. യോഗത്തില്‍ ബിജെപിയുടെ നിലപാടും നിര്‍ണായകമാണ്. വിവാദ നടപടികളില്‍ പ്രതിഷേധിച്ച് ദ്വീപിലെ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചിരുന്നു. ദ്വീപിലെ ബിജെപി ഘടകം നേതാവ് മുഹമ്മദ് ഖാസിമും അഡ്മിനിസ്ട്രേറ്ററുടെ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി. ലക്ഷദ്വീപിലെ മുന്‍ ചീഫ് കൗണ്‍സിലര്‍മാരും സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കും.
എയര്‍ ആംബുലന്‍സ് സംവിധാനത്തിലും അഡ്മിനിസ്ട്രേറ്റര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗികളെ കൊച്ചി, അഗത്തി, കവരത്തി എന്നിവിടങ്ങിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടുന്ന നാലംഗ സമിതിയെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നിയോഗിച്ചിരിക്കുന്നത്. രോഗികളെ മാറ്റുന്നതിനു ബന്ധപ്പെട്ട ദ്വീപിലെ മെഡിക്കല്‍ ഓഫിസര്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ പരിശോധിച്ചായിരിക്കും സമിതി തീരുമാനമെടുക്കുക.
ദ്വീപില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ആറായിരത്തില്‍ അധികം പേരാണ് നിലവില്‍ വൈറസ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. സമിതിയുടെ ഉത്തരവ് ലഭിച്ചില്ല എങ്കില്‍ കപ്പല്‍ മാര്‍ഗമേ രോഗികളെ കൊച്ചിയിലേക്കോ, കോഴിക്കോടേക്കോ എത്തിക്കാന്‍ സാധിക്കു. ചികിത്സ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ തയ്യാറാകുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.