ഏതൊരു ഇന്ത്യന്‍ സഞ്ചാരിയെ സംബന്ധിച്ചും ഒരു ലഡാക്ക് ട്രിപ്പ് എന്നത് സ്വപ്‌നയാത്രകളുടെ ഒരു ഭാഗമായിരിക്കും. സാഹസികതയും ആവേശവും ലഡാക്കിനെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. സമ്പന്നമായ ഭൂപ്രകൃതിയും തനത് പൈതൃകവും പേറുന്ന ലഡാക്ക് ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കുണ്‍ലൂണ്‍ പര്‍വ്വതനിരകള്‍ക്കും ഹിമാലയന്‍നിരകള്‍ക്കും ഇടയിലായി ലേ, കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കേന്ദ്രഭരണപ്രദേശമാണിത്. തിബറ്റന്‍ സംസ്‌കാരം ആഴത്തില്‍ വേരോടിയിട്ടുള്ളതിനാല്‍ ഈ പ്രദേശത്തെ ലിറ്റില്‍ തിബറ്റ് എന്നും വിളിക്കുന്നു.
പ്രകൃതിയുടെ വിസ്മയകരമായ സൗന്ദര്യം നുകരാന്‍ ഇതിലും മികച്ചയിടമില്ല. അതിനാല്‍ തന്നെ രാജ്യത്തെ സഞ്ചാരികളുടെയെല്ലാം പ്രിയപ്പെട്ട ഒരുയിടമാണ് ലഡാക്ക്. ഇപ്പോള്‍ ഈ മേഖലയിലെ വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനായി, ലഡാക്കിലെ എല്ലാ നിരോധിത മേഖലകളും സഞ്ചാരികള്‍ക്ക് പ്രവേശാനാനുമതി പ്രാപ്യമാക്കാനുള്ള പദ്ധതികള്‍ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിസുന്ദരമായ മാര്‍സിമിക് ലാ, സോഗ്റ്റ്‌സാലോ, ചാങ് ചെന്‍മോ പ്രദേശങ്ങള്‍ ഉള്‍പ്പടെ ഇനി സഞ്ചാരികള്‍ക്ക് പര്യവേക്ഷണം ചെയ്യാന്‍ കഴിയും.