കോഴഞ്ചേരി : നാരങ്ങാനം, കിടങ്ങന്നൂര്‍, ഇലന്തൂര്‍, മെഴുവേലി തുടങ്ങി ഇടതു കരയിലും അയിരൂര്‍, പുല്ലാട് തുടങ്ങിയ വലതുകര കനാലിലും വ്യാപകമായി മാലിന്യ നിക്ഷേപം നടത്തുന്നു. മാംസാവശിഷ്‌ടങ്ങള്‍ അധികവും പുലര്‍ച്ചെയാണ് നിക്ഷേപിക്കുന്നത്. ഇപ്പോള്‍ വെള്ളമൊഴുക്ക് ഇല്ലെങ്കിലും പലരും അങ്ങിങ് കെട്ടി കിടക്കുന്ന വെള്ളം ഉപയോഗിക്കുന്നുണ്ട്. ഇത് വക വെയ്‌ക്കാതെയാണ് കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം താലൂക്കുകളില്‍ ജലം എത്തിക്കുന്ന പി ഐ പി ഇടതുകര കനാലിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഈ കനാലിന്‍റെ മിക്ക സ്‌ഥലങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറി കഴിഞ്ഞു.
യന്ത്രങ്ങള്‍ ഉപയോഗിച്ച് കനാലിലെ കാടുകള്‍ അടുത്തിടെ നീക്കം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനു പിന്നാലെ ചാക്കുകളില്‍ പലയിടത്തും മാലിന്യം തള്ളിയതായി പരാതിയുണ്ട്. സമീപമേഖലയിലെ അറവുശാലകളിലെയും കോഴി ഫാമിലെയും മാലിന്യമാണ് കാടു നിറഞ്ഞ കനാലില്‍ തള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പണ്ട് ഇവ പമ്പാ നദിയില്‍ തള്ളുന്നത് പതിവായിരുന്നു. ഇപ്പോഴും ചില മേഖലയില്‍ മാംസാവശിഷ്‌ടങ്ങള്‍ നദിയില്‍ തള്ളാറുണ്ട്. ഹോട്ടലുകള്‍, കേറ്ററിംഗ് സ്‌ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെ മാലിന്യവും ഇതില്‍പെടും. കനാല്‍ റോഡുകള്‍ ഉളളതിനാല്‍ സ്‌കൂട്ടറുകളിലും ഓട്ടോറിക്ഷകളിലും മാലിന്യവുമായി എത്തി കനാലിലേക്ക് വലിച്ചെറിയാന്‍ കഴിയും എന്നതും സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായകമാകുന്നു.