ഭാരത് പെട്രോളിയം കോർപ്പറേഷൻ അവകാശ ഓഹരി വിൽപ്പന വഴി 18,000 കോടി രൂപ വരെ സമാഹരിക്കുന്നു. യോഗ്യരായ ഷെയർഹോൾഡർമാർക്കുള്ള ഓഹരികളുടെ വിൽപ്പന വഴി തുക സമാഹരിക്കുന്നതിന് ബോർഡിന്റെ അനുമതി ലഭിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം നിയമപരമായ അനുമതി ലഭിക്കുന്നതിന് അനുസരിച്ച് ഫണ്ട് സമാഹരിക്കുമെന്ന് ബുധനാഴ്ച അറിയിച്ചു. വ്യാഴാഴ്ച 365.85 രൂപയിലാണ് ഓഹരി വില. കമ്പനിയുടെ ബോർഡ് മീറ്റിംഗിന് മുന്നോടിയായി ഓഹരി വില 2.11 ശതമാനം ഉയർന്നു. ഊർജ്ജ മേഖലയിലെ മുന്നേറ്റത്തിനായി മൂലധന നിക്ഷേപത്തിന് വിവിധ രീതികൾ ഡയറക്ടർ ബോർഡ് പരിഗണിക്കുമെന്ന് ഈ മാസം ആദ്യം ബിപിസിഎൽ എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു.
ഇഷ്യൂ വില, റെക്കോർഡ് തീയതി, സമയം, പേയ്‌മെന്റ് നിബന്ധനകൾ എന്നിവയുൾപ്പെടെയുള്ള അവകാശ ഇഷ്യുവിന്റെ വിശദമായ നിബന്ധനകൾ ബോർഡിന്റെ അംഗീകാരത്തിന് ശേഷം നിക്ഷേപകരെ അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കി. യോഗ്യരായ നിക്ഷേപകർക്ക് ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ ഇഷ്യു ചെയ്ത് 935 കോടി രൂപ വരെ സമാഹരിക്കുമെന്ന് മാർച്ചിൽ ബിപിസിഎൽ പ്രഖ്യാപിച്ചിരുന്നു. 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽപൊതുമേഖലാ കമ്പനിയുടെ അറ്റാദായം 6,780 കോടി രൂപയായിരുന്നു. മുൻവർഷത്തെ 2,559 കോടി രൂപയിൽ നിന്ന് 168 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2023 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ പ്രവർത്തന വരുമാനം 1.23 ലക്ഷം കോടി രൂപയിൽ നിന്ന് എട്ട് ശതമാനം ഉയർന്ന് 1.33 ലക്ഷം കോടി രൂപയായി ആണ് മാറിയത്. ബിപിസിഎൽ 2023 സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് നാല് രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.