കൊൽക്കത്ത: ചോദ്യത്തിന് കോഴ ആരോപണ കേസിൽ മഹുവാ മോയ്ത്രയുടെ വസതിയിൽ സിബിഐ റെയ്ഡ്. ബംഗാളിലെ വസതിയിലാണ് പരിശോധന. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് ഹിരാ നന്ദാനി ഗ്രുപ്പിൽ നിന്ന് കോടികൾ കൈപ്പറ്റിയെന്നാണ് ആരോപണം. പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ മഹുവ മൊയ്ത്രക്കെതിരെ സിബിഐ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നുു. ചോദ്യത്തിന് കോഴ എന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഈ ആരോപണത്തിൽ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ദില്ലിയിൽ എഎപി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആയിരുന്നു മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തത്.
കേസെടുത്ത് ദിവസങ്ങൾക്കകമാണ് ഇപ്പോ അവരുടെ വീട്ടിൽ സിബിഐ റെയ്ഡിന് എത്തിയിരിക്കുന്നത്. അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്താനായി വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി ചേർന്ന് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചെന്നാണ് മഹുവയുടെ മുൻ സുഹൃത്ത് ആനന്ത് ദെഹദ്രായി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവര്‍ പരാതി ഉന്നയിച്ചത്. ഇതിലായിരുന്നു പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ പരിശോധന. ലോക്സഭാംഗത്വം നഷ്ടമായതിന് പിന്നാലെ മഹുവയ്ക്ക് ദില്ലിയിലെ ഔദ്യോഗിക വസതിയും ഒഴിയേണ്ടി വന്നിരുന്നു.