മുംബൈ:ചാറ്റ്ജിപിടി നോക്കി കോപ്പിയടിച്ചെന്ന് ആരോപിച്ച് പിടിയിലായതിന് പിന്നാലെ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വിദ്യാർഥിയുടെ അമ്മ. എന്റെ മകനെ അതിക്രൂരമായി ഉപദ്രവിച്ചു, അവനെ കൊന്നു. എനിക്ക് നീതി വേണം എന്ന് അമ്മ പറഞ്ഞു. ബോംബെ ഐഐടിയിലെ എൻജിനിയറിങ് വിദ്യാര്‍ഥിയായ സാഹിൽ വക്കോഡയാണ് മരിച്ചത്. സംഭവത്തിൽ സാഹിന്റെ പിതാവിന്റെ പരാതിയിൽ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൊബൈൽ ഫോണുമായാണ് വിദ്യാർഥി പരീക്ഷയ്ക്ക് എത്തിയത്. ചാറ്റ് ജിപിടിയിൽ ചോദ്യപ്പേപ്പർ അപ്‍ലോഡ് ചെയ്തതിന് ശേഷം അതിൽ നോക്കി ഉത്തരം എഴുതുമ്പോഴാണ് വിദ്യാർഥിയെ പിടിച്ചതെന്ന് കോളജ് അധികൃതർ പറഞ്ഞു.
കോപ്പിയടിച്ചതിന് പിടിച്ചതിന് ശേഷവും വിദ്യാർഥിക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും അധ്യാപകർ പറഞ്ഞു. ഭാവിജീവിത്തിൽ ഇതൊരു പ്രശ്നമാക്കില്ലെന്ന് സാഹിലിനെ അറിയിച്ചിരുന്നെന്നും കോളജ് വ്യക്തമാക്കി. എന്നാൽ അധ്യാപകരുമായുള്ള സംഭാഷണത്തിന് ശേഷം ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയ വിദ്യാർഥിയെ വൈകിട്ടോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.































