കടമ്പനാട് : ഏഴു മാസത്തെ വിധവാ പെൻഷൻ അർഹയായ വ്യക്തിയ്ക്ക് നൽകാതെ സിപിഎം ലോക്കൽ സെക്രട്ടറി കൈവശം വെച്ചെന്ന് ആരോപണം. പഞ്ചായത്തിൽ പരാതി നല്കിയതറിഞ്ഞ് ആരോപണ വിധേയൻ പെൻഷൻ തുക ഒന്നിച്ചു നൽകി പ്രശ്നം ഒത്തുതീർപ്പാക്കി. സഹകരണ ബാങ്ക് ജീവനക്കാരനായ സിപിഎം കടമ്പനാട് ലോക്കല്‍ സെക്രട്ടറി ആര്‍. രഞ്ചുവിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. പെന്‍ഷന്‍ മസ്റ്ററിങ്ങിനെത്തിയപ്പോഴാണ് കടമ്പനാട് പഞ്ചായത്ത് 12-ാം വാർഡ് സ്വദേശിക്ക് പെൻഷൻ ലഭിക്കുന്നില്ലെന്ന് അധികൃതരെ അറിയിച്ചത്. എന്നാൽ തുക ബാങ്ക് വഴി കൈപ്പറ്റിയെന്ന രേഖ ജീവനക്കാർ ഇവരെ കാണിച്ചു.
തുടർന്ന് ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ഇവർ പരാതി നൽകി. ഈ വിവരമറിഞ്ഞതോടെ ലോക്കല്‍ സെക്രട്ടറി പ്രശ്നം പരിഹരിക്കാനായി ഏഴുമാസത്തെ പെൻഷൻ തുക ഒന്നിച്ചു നൽകുകയായിരുന്നു. ബാങ്ക് ജീവനക്കാരൻ വീഴ്‌ച്ച സമ്മതിച്ചതിനാലും അടുത്തറിയുന്ന ആളായതിനാലും വീട്ടുകാർ ഒത്തുതീർപ്പിനു വഴങ്ങി പെൻഷൻ തുക കഴിഞ്ഞ ദിവസം കൈപ്പറ്റുകയായിരുന്നു. ഇതേസമയം സിപിഎം ഭാരവാഹിയായ ബാങ്ക് ജീവനക്കാരനെതിരെ പെൻഷൻ വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് രംഗത്തു വന്നതോടെ സംഭവം വിവാദമായി. പഞ്ചായത്തിൽനിന്നു വിതരണം ചെയ്യുന്ന എല്ലാ ഷേമ പെൻഷനുകളുടെയും കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് കടമ്പനാട് മണ്ഡലം പ്രസിഡൻ്റ് റെജി മാമ്മൻ, മണ്ണടി മണ്ഡലം പ്രസിഡന്റ്റ് ജി.മനോജ് എന്നിവർ ആവശ്യപ്പെട്ടു.