കായംകുളം : നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ഐക്യജംഗ്ഷന്‍ കീരിക്കാട് മസ്ജിദ് റോഡിലെ ഓടനിർമാണത്തിൽ അപാകമെന്ന് ആക്ഷേപം. മഴക്കാലത്ത് പ്രദേശത്ത് വലിയ വെള്ളക്കെട്ടാണുള്ളത്. ഇതു പരിഹരിക്കാനാണ് നഗരസഭാ ഫണ്ടിൽനിന്ന് 18 ലക്ഷം രൂപ ചെലവഴിച്ച് ഓട പണിയുന്നത്. മഴപെയ്താൽ റോഡിൽ വെള്ളം കെട്ടിക്കിടക്കും. ഇത് സമീപത്തെ വീടുകളിലേക്കും കയറും. വെള്ളമൊഴുകാൻ മാർഗമില്ലാത്തതിനാൽ ദിവസങ്ങളോളം ഇവിടെ വെള്ളക്കെട്ടാണ്. ഓടയ്ക്ക് വളവുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഓടയുടെ വീതി പലയിടങ്ങളിലും ഏറിയും കുറഞ്ഞുമാണ്.
നീരൊഴുക്കിന് അനുസരിച്ചല്ല അടിഭാഗം കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ചിലയിടങ്ങളിൽ അടിഭാഗം ഉയർന്നു നിൽക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.ഐക്യജംഗ്ഷന്‍ കീരിക്കാട് മസ്ജിദ് റോഡിൽനിന്നു ക്രഷർ റോഡ് ഭാഗത്തേക്കു പ്രവേശിക്കുന്ന ഭാഗംമുതൽ തെക്കോട്ട് സപ്ലൈകോ ഭാഗം വരെയുള്ള നിർമാണത്തിലാണ് അപാകമുള്ളത്. ഓടയിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ കോൺക്രീറ്റ് ചെയ്തതാണ് പ്രശ്നമെന്നാണ് ആക്ഷേപം. നിർമാണം നടക്കുമ്പോൾ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്.