റാന്നി : മഴ പെയ്താൽ റാന്നി ടൗണിലെ ഇട്ടിയപ്പാറ ബൈപ്പാസിൽ അതി രൂക്ഷമായ വെള്ളക്കെട്ടെന്ന് ആരോപണം. വൺവേ റോഡിൽ ബൈപ്പാസിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് തിരിയുന്നതിന് മുന്നിലും സമീപഭാഗങ്ങളിലുമായാണ് രണ്ടിടങ്ങളിലായി വെള്ളം കെട്ടിക്കിടക്കുന്നത്. കനത്ത മഴ സമയത്ത് റോഡ് നിറഞ്ഞാണ് വെള്ളം കിടക്കുന്നത്. ഇത് വാഹന യാത്രക്കാർക്കും നടന്നു പോകുന്നവർക്കും ദുരിതമാവുന്നു. ഓടയില്ലാത്തതും വെള്ളം ഒഴുകിപ്പോകാൻ മറ്റ് മാർഗമില്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണം. സംസ്ഥാനപാതയിലൂടെയും ചെട്ടിമുക്ക് ഭാഗത്തുകൂടിയും ഇട്ടിയപ്പാറയിലേക്കും ചെത്തോങ്കര ഭാഗത്തേക്കും എത്തുന്ന മുഴുവൻ വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. വീതികുറഞ്ഞ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതോടെ യാത്ര ബുദ്ധിമുട്ടാകുന്നുണ്ട്.
നടന്നു പോകുന്നവർ ചെള്ളിവെള്ളത്തിലൂടെ കടന്നു പോകേണ്ടി വരുന്നു. കിഫ്‌ബി ഫണ്ടു ഉപയോഗിച്ച് നവീകരിക്കുന്ന മഠത്തുംചാൽ-മുക്കൂട്ടുതറ റോഡ് വികസന പദ്ധതിയിൽ ഈ ബൈപ്പാസും ഉൾപ്പെടുന്നുണ്ട്. ആദ്യഘട്ട ടാറിങ്ങുവരെ ഇവിടെ പൂർത്തിയായിരുന്നു. വർഷങ്ങളോളം മുടങ്ങിയ പണി ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. ഓടകളില്ലാത്തതിനാൽ വെള്ളം ഒഴുകിപ്പോകാൻ മറ്റ് മാർഗമില്ല. പുരയിടത്തിലേക്ക് വെള്ളം കയറാതിരിക്കാൻ പലരും വശം കോൺക്രീറ്റ് ചെയ്‌തു ഉയർത്തുകകൂടി ചെയ്‌തതോടെ വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണ്. ഓട നിർമാണം കൂടി റോഡ് നവീകരണത്തില്‍ ഉൾപ്പെടുത്തിയാൽ ഇവിടെ പ്രശ്‌നം പരിഹരിക്കാം. അല്ലെങ്കിൽ വെള്ളം ഒഴുകി സമീപത്തുകൂടി ഒഴുകുന്ന വലിയ തോട്ടിലേക്ക് എത്തിക്കുന്നതിനുള്ള മാർഗമുണ്ടാക്കണം. നിലവിലെ അവസ്ഥയിൽ വെള്ളം റോഡിൽ തന്നെ കെട്ടിക്കിടക്കുകയേ ഉള്ളൂ. ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.