തൃശൂര്‍ : യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തി. നെന്മാറ അയിലൂര്‍ സ്വദേശിനി സന്ധ്യ പഴയന്നൂരിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധം. സംഭവത്തില്‍ ദുരൂഹത ആരോപിച്ചാണ് യുവതിയുടെ കുടുംബാംഗങ്ങള്‍ പഴയന്നൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. തിരുവില്വാമല മടപ്പുള്ളിപ്പടി രഘുനാഥന്റെ ഭാര്യ സന്ധ്യ (29) യെയാണ് തിരുവോണ ദിനത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെന്മാറ അയിലൂര്‍ നായ്ക്കര്‍പാടം ചന്ദ്രന്റെയും ചന്ദ്രികയുടെയും മകളാണ് സന്ധ്യ. വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷമായി.
സന്ധ്യയ്ക്ക് നേരെ ശാരീരിക, മാനസിക, ഗാര്‍ഹിക പീഡനം നിരന്തരം ഉണ്ടായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ മരണ വിവരം അറിഞ്ഞെത്തിയ ബന്ധുക്കള്‍ പറയുന്നത് ഇത് തൂങ്ങിമരണമല്ല എന്നാണ്. കൈമുട്ടുകള്‍ക്ക് താഴെ പാടുകള്‍ കണ്ടു. ഭര്‍ത്താവ്, ഭര്‍തൃ മാതാവ്, സഹോദരന്‍ എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ ബന്ധുക്കള്‍ കുറ്റം ആരോപിക്കുന്നത്. സന്ധ്യ ഒരിക്കലും തൂങ്ങിമരിക്കില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മൂന്ന് വയസുള്ള കുട്ടിക്ക് പാല് കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് മരിച്ചത് എന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ എസ് പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.