റിയാദ്: മലബാറിലെ പ്രവാസികളുടെയും ഉംറ തീർഥാടകരുടെയും യാത്രാസൗകര്യം പരിഗണിച്ച് സൗദി എയർലൈൻസിന് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് സർവിസ് പുനരാരംഭിക്കാൻ ഉടൻ അനുമതി നൽകണമെന്ന് റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം യോഗം. നിലവിൽ റിയാദ് ഉൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നു കോഴിക്കോട്ടേക്ക് ചെറിയ വിമാനങ്ങൾ മാത്രം സർവിസ് നടത്തുന്നതിനാൽ അടിയന്തര ചികിത്സ വേണ്ട രോഗികൾക്കും അപകടം സംഭവിച്ചവർക്കും അതുപോലെ മരിച്ച പ്രവാസികളുടെ മൃതദേഹം കൊണ്ടുപോകാനും പ്രയാസം അനുഭവിക്കുന്നുണ്ട്.
നേരത്തേ റിയാദ്-ജിദ്ദ-ദമ്മാം എന്നിവിടങ്ങളിൽനിന്നും സൗദി എയർലൈൻസ് കോഴിക്കോട് സർവിസ് ഉണ്ടായിരുന്നത് സൗദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ഉംറ തീർഥാടകർക്കും വലിയ ആശ്വാസം നൽകിയിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ജനപ്രതിനിധികളും സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു. മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിക്കുന്ന ഫുട്ബാൾ മത്സരത്തിൽ കോട്ടക്കൽ മണ്ഡലം ടീമിനെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.