സീതത്തോട് : അള്ളുങ്കൽ-മണക്കയം റോഡ് നാട്ടുകാര്‍ ഇടപെട്ട് നന്നാക്കി. മുമ്പ് നാട്ടുകാർ ഉപയോഗിച്ചിരുന്ന ഈ റോഡ് അറ്റകുറ്റപ്പണിയില്ലാതെ വന്നതിനെ തുടർന്ന് തകർന്നുപോകുകയായിരുന്നു.
റോഡിന്റെ അള്ളുങ്കൽ മുതൽ മണക്കയം വരെയുള്ള ഭാഗത്ത് വനമേഖലയിലൂടെയുള്ള സ്ഥലത്ത് കുറേ ദൂരം റോഡ് തകർന്നുകിടന്നതാണ് ഈ വഴിയുള്ള വാഹനഗതാഗതത്തിന് പ്രശ്‌നമായിരുന്നത്. ഈ പ്രദേശം സഞ്ചാരയോഗ്യമാക്കാൻ വനം വകുപ്പിന്റെ അനുമതി വേണമായിരുന്നു. വനം വകുപ്പ് സ്വന്തം നിലയിലും ഇവിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ഇതോടെ റോഡിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ഇപ്പോൾ സീതത്തോട് പാലം പൊളിച്ചതിനെ തുടർന്ന് സമാന്തര പാതയെന്നനിലയിൽ മറ്റൊരു റോഡ് ഉപയോഗിക്കാനില്ല.
റോഡ് സഞ്ചാരയോഗ്യമാക്കാൻ സ്ഥലത്തെ ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന് വലിയൊരു കൂട്ടായ്മയ്ക്ക് രൂപംനൽകി വനം വകുപ്പിന്റെ അനുമതിയോടെയാണ് ഇപ്പോൾ റോഡ് സഞ്ചാരയോഗ്യമാക്കുന്നത്. തിങ്കളാഴ്ച സ്ത്രീകളടക്കം വലിയൊരു ജനാവലിയാണ് റോഡിലെ തടസ്സങ്ങൾ നീക്കാൻ അള്ളുങ്കൽ മേഖലയിലെത്തിയത്. ഒപ്പം മണ്ണുമാന്തിയന്ത്രം കൂടിയായതോടെ നിർമാണജോലികൾ വേഗത്തിലായി. വാർഡ് മെമ്പർ സതി കുരുവിള രക്ഷാധികാരിയും, മാത്യൂ കല്ലേത്ത് പ്രസിഡന്റും, ജിക്കു തേക്കുംകാട്ടിൽ, ജോസ് പുരയിടത്തിൽ സെക്രട്ടറിമാരായും, സാനു കാറ്റാടിയിൽ വൈസ് പ്രസിഡന്റും, ജോസ് വട്ടക്കൂട്ടത്തിൽ, ബിനോയ് വാഴപ്പിള്ളേത്ത് ട്രഷറർമാരുമായുള്ള കമ്മിറ്റിയാണ് റോഡ് നിർമാണത്തിന് നേതൃത്വം.