തിരുവനന്തപുരം : കെ – റെയില്‍ സംവാദം വെറും പ്രചാരണവേല മാത്രമാണെന്ന ആരോപണവുമായി മുന്‍ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ അലോക് വര്‍മ്മ. സംവാദം നടത്തേണ്ടിയിരുന്നത് സര്‍ക്കാര്‍ ആയിരുന്നെന്നും ചീഫ് സെക്രട്ടറിയുടെ പേരിലായിരുന്നു ക്ഷണമുണ്ടാകേണ്ടിയിരുന്നതെന്നും അലോക് വര്‍മ്മ കുറ്റപ്പെടുത്തി. ഈ സംവാദത്തില്‍ ഗൗരവകരമായ യാതൊരു വിഷയവും ചര്‍ച്ച ചെയ്യുമെന്ന് വിശ്വസിക്കാത്തതിനാലാണ് പിന്മാറിയത്. വിദഗ്ധരെ സര്‍ക്കാര്‍ ക്ഷണിച്ച് ഗൗരവകരമായി സംവാദം സംഘടിപ്പിക്കുകയായിരുന്നു വേണ്ടതെന്നും അലോക് വര്‍മ്മ കുറ്റപ്പെടുത്തി.
താന്‍ തയാറാക്കിയ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തത്വത്തിലുള്ള അംഗീകരാത്തിനായി ഡിപിആറിലേക്ക് ഉള്‍പ്പെടെ കടന്നതെന്ന് അലോക് വര്‍മ പറയുന്നു. ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടില്ല. ഇതിന് വിരുദ്ധമായ കെ – റെയിലിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു അലോക് വര്‍മയുടെ പ്രതികരണം. കാര്യങ്ങളില്‍ വ്യക്തത വരുത്താനോ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനോ അല്ല സംവാദമെന്നും ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ വിദഗ്ധരായ പ്രതിനിധികളെ റെയില്‍വേയില്‍ നിന്നും ഉള്‍പ്പെടുത്തണമായിരുന്നുവെന്നും അലോക് വര്‍മ്മ പറഞ്ഞു.
അക്ഷരാര്‍ഥത്തില്‍ സംവാദത്തില്‍ നിന്ന് പിന്മാറിയത് താനല്ല സര്‍ക്കാരാണെന്നാണ് അലോക് വര്‍മ്മയുടെ വാദം. സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തേണ്ടത്. വിദഗ്ധരുടെ അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ട് ഉപയോഗശൂന്യമായ ഡിപിആര്‍ ഉപേക്ഷിക്കണമെന്നും അലോക് വര്‍മ്മ പറഞ്ഞു. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അത് ശ്രീലങ്കയിലേത് പോലൊരു ഡെഡ് ട്രാപ്പില്‍ കൊണ്ടത്തിക്കുമെന്നും അലോക് വര്‍മ്മ മുന്നറിയിപ്പ് നല്‍കി.