തിരുവല്ല : മഴ കുറഞ്ഞെങ്കിലും അപ്പർകുട്ടനാട്ടിലെ വെള്ളക്കെട്ട് തുടരുന്നു. മഴ മാറി നിന്നെങ്കിലും വെള്ളക്കെട്ട് ഒഴുകി പോകുവാൻ നിവർത്തിയില്ലാതെ കെട്ടിക്കിടക്കുകയാണ്. നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്ത് പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകൾ മുഴുവനും മുങ്ങിയ നിലയിലാണ്. യാത്ര ദുരിതത്തിൽ നിരവധി പേർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഉന്നത നിലവാരത്തിൽ പുനർ നിർമ്മാണം നടത്തിയ കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിലെ ആലംതുരുത്തി ജംഗ്ഷന് സമീപവും വെള്ളം കയറി. അപ്പർകുട്ടനാട്ടിലെ മിക്ക റോഡുകളിലും ദേവാലയങ്ങളിലും വീടിനുള്ളിലും വെള്ളക്കെട്ടാണ് . സാധാരണ രീതിയിൽ വെള്ളം കയറിയാൽ അടുത്ത ദിവസം ഇറങ്ങി തുടങ്ങുന്നതാണ്. എന്നാൽ വെള്ളം മുഴുവനായി ഇറങ്ങാൻ ദിവസങ്ങൾ വേണ്ടിവരും.
മിക്കയിടങ്ങളിലും റോഡുകൾ ഉയർത്തി പണിതെങ്കിലും കലുങ്കിന് അടിയിലൂടെ ഒഴുകുന്ന വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കാൻ കഴിഞ്ഞിട്ടില്ല. തൂമ്പും , വാചാലും അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. നദികളുടെ തിരപ്രദേശത്ത് ഉള്ളവർ വെള്ളപ്പൊക്ക ഭീഷണി നേരിട്ടെങ്കിലും പൂർവ്വസ്ഥിതി പ്രാപിച്ചിട്ടില്ല. നദികളിലെ വെള്ളം അരയടിയോളം കുറഞ്ഞിട്ടുണ്ട്. അതേ സമയം അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം ഉണ്ടായിട്ടുണ്ട്. മിക്കയിടങ്ങളിലും വെള്ളക്കെട്ട് ഉള്ളതിനാൽ വെള്ളം ഇറങ്ങിയതിന് ശേഷമെ കൃത്യമായ കണക്കുകൾ നിശ്ചിയിക്കാൻ കഴിയു . ഓണം ലക്ഷ്യം വെച്ചുള്ള പച്ചക്കറി ഉൾപ്പെടെയുള്ളവയാണ് കൃഷികൾക്കാണ് നാശം സംഭവിച്ചത്.