ആലുവ : നഗരസഭയിലെ ഇടതുപക്ഷത്തിന്റെ തോല്‍വിയില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുന്‍ സ്ഥിരംസമിതി അധ്യക്ഷയും രണ്ടുതവണ കൗണ്‍സിലറുമായിരുന്ന ലോലിത ശിവദാസനെ സി.പി.എം പുറത്താക്കി. മുതിര്‍ന്ന ജനപ്രതിനിധിയായിരുന്ന ഇവര്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. 15ാം വാര്‍ഡിലെ തോല്‍വിയാണ് ഇവര്‍ക്കെതിരെയുള്ള നടപടിക്കിടയാക്കിയത്.
നഗരസഭയില്‍ ഇക്കുറി ഭരണം നേടാന്‍ ഇടതുപക്ഷത്തിന് എല്ലാ സാധ്യതകളുമുണ്ടായിരുന്നു. എന്നാല്‍ നേതൃത്വത്തെയും അണികളെയും ഞെട്ടിച്ച് ദയനീയ പരാജയമാണ് പല വാര്‍ഡിലും മുന്നണിക്കുണ്ടായത്. ചെയര്മാന് സ്ഥാനാര്‍ഥിയുടെ തോല്‍വി മുന്നണി നേതാക്കളെ ഞെട്ടിച്ചു. സി.പി.എമ്മിന് ഏറെ സ്വാധീനമുള്ള 11ാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് വിജയിച്ചത്.
കോണ്‍ഗ്രസിന് ശക്തനായ വിമത സ്ഥാനാര്‍ഥിയുണ്ടായിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥിയും വിമത സ്ഥാനാര്‍ഥിയും കൂടുതല്‍ വോട്ടുകളും നേടി. എന്നിട്ടും പൊതു സമ്മതനായ ഇടതുപക്ഷ സ്ഥാനാര്‍ഥി സത്യദേവന് പരാജയപ്പെട്ടതിന് കാരണം പാര്‍ട്ടിയിലെ കാലുവാരലാണെന്ന് ആരോപണം ശക്തമാണ്. ഇത് നേതൃത്വം ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. ഇതിനിടെയാണ് 15ാം വാര്‍ഡിലെ പരാജയത്തിനെതിരെ നടപടിയുണ്ടായത്.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് ലോലിതയെ പുറത്താക്കാന്‍ തീരുമാനിച്ചത്. 15ാം വാര്‍ഡില്‍നിന്ന് മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.എസ്. ഷിബിലക്കെതിരെ പ്രവര്‍ത്തിച്ചതായാണ് കണ്ടെത്തല്‍. ഷിബിലക്ക് വോട്ട് ചെയ്യരുതെന്ന് വാര്‍ഡിലെ പാര്‍ട്ടി അംഗങ്ങളെ ഉള്‍പ്പെടെയുള്ളവരെ ഫോണിലൂടെയും നേരിട്ടും ലോലിത ആവശ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു.
ഇതിനെത്തുടര്‍ന്നാണ് ആറ് വോട്ടുകള്‍ക്ക് ഷിബില തോറ്റതെന്ന് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി യോഗം വിലയിരുത്തി. ഇവിടെ കോണ്‍ഗ്രസിന്റെ സാനിയ തോമസാണ് വിജയിച്ചത്. വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണറിയുന്നത്.