ആലുവ : ആലുവയില്‍ രണ്ട് വീടുകളില്‍നിന്ന് 38 പവന്റെ ആഭരണങ്ങളും പണവും മോഷ്ടിച്ച കേസ് അന്വേഷിക്കുന്ന സംഘം ശനിയാഴ്ച കേരളത്തിലെത്തും. അജ്മേറില്‍ പിടിയിലായ പ്രതികളെ കോടതിയുടെ അനുമതിയോടെ പിന്നീട് ആലുവയിലെത്തിക്കും. ചൊവ്വാഴ്ച രാത്രി അജ്മേര്‍ ദര്‍ഗ ശെരീഫിനു സമീപത്തുനിന്ന് കേരള പോലീസ് സാഹസികമായാണ് മോഷണക്കേസിലെ പ്രതികളെ പിടികൂടിയത്. ഉത്തരാഖണ്ഡ് റാപൂര്‍ റൂര്‍ക്കി സ്വദേശികളായ ഷെഹജാദ് (33), ഡാനിഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലാകുന്നതിനിടയില്‍ അന്വേഷണ സംഘത്തിനും അജ്മേര്‍ പോലീസിനും നേരെ വെടിയുതിര്‍ത്തതിനാല്‍ അജ്മേര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതികള്‍ പോലീസിനു നേരെ നിറയൊഴിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അജ്മേര്‍ ജില്ലാ പോലീസ് ട്രെയിനി ശരണ്‍ കമലെ ഗോപിനാഥിന് നിസ്സാര പരിക്കേറ്റിരുന്നു. ഈ സംഭവത്തിലാണ് അജ്മേര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.