കോന്നി : തേക്കുതോട് ആലുവാംകുടി ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ 4.30ന് നിർമ്മാല്യം, 5.30 ന് ഗണപതിഹോമം, 6.10ന് കൊടിയേറ്റ്, 6.30 മുതൽ 7.30 വരെ ഉഷപൂജ, 7.30 മുതൽ വിശേഷാൽ പൂജ, വഴിപാടുകൾ, 8 മുതൽ 4.30 വരെ ഭാഗവത പാരായണം, 11.45ന് ഉച്ചപൂജ എന്നിവയും നടക്കും. തുടർന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഇരു കരകളിൽ നിന്നും ഘോഷയാത്ര ആരംഭിക്കും.
ചെണ്ടമേളം, മുത്തുകുട, താലപ്പൊലി, കാള, തേര് എന്നിവയുടെ അകമ്പടിയോടെ തേക്കുതോട് നിന്നുമുള്ള ഘോഷയാത്ര ഉച്ചയ്ക്ക് ഒരുമണിക്ക് മേലേ പൂച്ചക്കുളം വഞ്ചിപ്പടിയിൽ നിന്നാരംഭിച്ച് താഴേ പൂച്ചക്കുളം വഞ്ചിപ്പടി, കരിമാൻതോട് വഞ്ചിപ്പടി വഴി കരിമാൻതോട് ഗുരുമന്ദിരം, തൂമ്പാക്കുളം വഞ്ചിപ്പടി, തൂമ്പാക്കുളം ശ്രീഭദ്രാ ദേവീ ക്ഷേത്രം വഴി ആലുവാംകുടി മൂന്നുമുക്കിൽ എത്തിച്ചേരും. ഗുരുനാഥൻമണ്ണ് കരയിൽ നിന്നുള്ള ഘോഷയാത്ര ഉച്ചയ്ക്ക് ഒരുമണിക്ക് കുന്നം വഞ്ചിപ്പടിയിൽ നിന്നാരംഭിച്ച് ഗുരുനാഥൻമണ്ണ് ഗുരുമന്ദിരം, സുബ്രഹ്മണ്യ ക്ഷേത്രം, ഗുരുനാഥൻമണ്ണ് ആലുവാംകുടി വഞ്ചിപ്പടി വഴി ആലുവാംകുടി മൂന്ന് മുക്കിൽ എത്തിച്ചേരും. തുടർന്ന് ഇരുഘോഷയാത്രകളും സംയുക്തമായി ക്ഷേത്രത്തിൽ എത്തും. 6.30 മുതൽ 7.30 വരെ സന്ധ്യാ പൂജ, ദീപാരാധന, 7.30 മുതൽ 8.30 വരെ വിശേഷാൽ പൂജകൾ, വഴിപാടുകൾ, 8ന് ലേലം, 9.30ന് പുഷ്പാഭിഷേകം, കുട്ടികളുടെ കലാപരിപാടികൾ, വിൽ കലാമേള, യാമപൂജ, കലശം എന്നിവയും നടക്കും.