പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോൺ ഇന്ത്യയിൽ പുതിയ പ്രൈം ലൈറ്റ് പ്ലാൻ അവതരിപ്പിച്ചു. കുറഞ്ഞ നിരക്കിൽ ആമസോൺ പ്രൈം ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ് ഇത്. ഈ വർഷം ആദ്യം മുതൽ തന്നെ ആമസോൺ പ്രൈം ലൈറ്റ് പ്ലാൻ പരീക്ഷണാടിസ്ഥാനത്തിൽ ചില ആളുകൾക്ക് ലഭ്യമാക്കിയിരുന്നു എങ്കിലും ഇപ്പോഴാണ് കമ്പനി പ്ലാൻ എല്ലാവർക്കുമായി അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ പ്രൈം മെമ്പർഷിപ്പിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം പ്രൈം ലൈറ്റ് പ്ലാനിലൂടെയും ആമസോൺ നൽകുന്നുണ്ട്.
ആമസോൺ പ്രൈം ലൈറ്റ് പ്ലാൻ നിലവിൽ 12 മാസത്തേക്കായി മാത്രമേ ലഭ്യമാക്കിയിട്ടുള്ളു. ഈ പ്ലാൻ ഒരു മാസത്തേക്കോ മൂന്ന് മാസത്തേക്കോ നിലവിൽ ലഭ്യമല്ല. 12 മാസത്തേക്കുള്ള പ്രൈം ലൈറ്റ പ്ലാനിന് 999 രൂപയാണ് വില. വൈകാതെ ലൈറ്റ് പ്ലാൻ കുറഞ്ഞ കാലയളവിലേക്കും കമ്പനി ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. സാധാരണ ആമസോൺ പ്രൈം മെമ്പർഷിപ്പിന് ഒരു വർഷത്തേക്ക് 1499 രൂപയാണ് വില. ഈ പ്ലാനിനെക്കാൾ 500 രൂപ കുറവാണ് ലൈറ്റ് പ്ലാനിന്.
ആമസോൺ പ്രൈം ലൈറ്റ് മെമ്പർഷിപ്പ് എടുക്കുന്ന ആളുകൾക്ക് സാധാരണ പ്രൈം മെമ്പർഷിപ്പിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം തുടർന്നും ലഭിക്കും. സൗജന്യമായി രണ്ട് ദിവസത്തിനുള്ളിൽ ഡെലിവറിയും സ്റ്റാൻഡേർഡ് ഡെലിവറിയുമാണ് ഈ പ്രൈം ലൈറ്റിലൂടെ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. ഇത് കൂടാതെ പ്രൈം ലൈറ്റ് അംഗങ്ങൾക്ക് തിരഞ്ഞെടുത്ത വിലാസങ്ങളിൽ നോ-റഷ് ഷിപ്പിങ് എന്ന സേവനവും ആസ്വദിക്കാൻ സാധിക്കും. പ്ലാനിന്റെ ഭാഗമായി 25 രൂപ ക്യാഷ്ബാക്കും പ്രൈം ലൈറ്റ് മെമ്പർമാർക്ക് ലഭിക്കും.
ആമസോൺ പ്രൈം ലൈറ്റ് മെമ്പർഷിപ്പിന്റെ ഭാഗമായി ആമസോൺ ഇന്ത്യ വെബ്സൈറ്റിലൂടെ പർച്ചേസ് നടത്തുന്ന ആളുകൾ ആമസോൺ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 5 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകും. എന്ത് സാധനങ്ങൾ ഷോപ്പ് തെയ്യുമ്പോഴും റിവാർഡുകൾക്ക് പുറമേ ഡിജിറ്റൽ, ഗിഫ്റ്റ് കാർഡ് പർച്ചേസുകൾക്ക് 2 ശതമാനം തുക തിരികെ ലഭിക്കുന്നുമുണ്ട്. പർച്ചേസുകൾ നടത്തുമ്പോൾ ആമസോൺ പ്രൈം മെമ്പർമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെന്നാം ലൈറ്റ് മെമ്പർമാർക്കും ലഭ്യമാകും.