ആലപ്പുഴ : അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ സിപിഎം ഏരിയാ നേതൃത്വവും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ തർക്കം രൂക്ഷം. കുടുംബശ്രീ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കം ഇപ്പോൾ പരസ്യ പോരിലേക്ക് നീങ്ങിയിരിക്കുകയാണ്. പാർട്ടിയും പ്രസിഡൻ്റും തമ്മിലെ പോര് പഞ്ചായത്തിൽ ഭരണ പ്രതിസന്ധിക്ക് കാരണമായെന്ന് യുഡിഎഫ് ആരോപിക്കുന്നു.
സിപിഎം ഏരിയാ കമ്മിറ്റി അംഗവും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ എസ് ഹാരിസും പാർട്ടിയിലെ ഒരു വിഭാഗവുമായി തർക്കം തുടങ്ങിയിട്ട് ഏറെക്കാലമായി. ഇക്കഴിഞ്ഞ കുടുംബശ്രീ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയ ഹാരിസുമായി ആലോചിക്കാതെ ഏരിയാ നേതൃത്വം സ്വന്തംനിലയ്ക്ക് സിഡിഎസ് അധ്യക്ഷ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. എന്നാൽ പാർട്ടി തീരുമാനം തള്ളി മറ്റൊരാളെ ഹാരിസും കൂട്ടരും വിജയിപ്പിച്ചു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റും പാർട്ടിയും രണ്ട് വഴിക്കായി.
ഇന്നലെ പ്രസിഡണ്ടിനെ ഒഴിവാക്കി മറ്റ് സിപിഎം അംഗങ്ങൾ ചേർന്ന് പാർലമെന്ററി പാർട്ടി യോഗം ചേർന്നു. ഇതിന് ബദലായി പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുത്ത് പ്രതിപക്ഷത്തിന് ഒപ്പം കൂടി പ്രസിഡന്റ് അജണ്ടകൾ പാസാക്കി. പാർട്ടിയെ വെല്ലുവിളിച്ചു പഞ്ചായത്ത് ഭരണവുമായി മുന്നോട്ടു പോകാനാകില്ലെന്ന് നേതൃത്വം നിലപാടെടുത്തതോടെ ഹാരിസ് രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. പാർട്ടിയും പഞ്ചായത്ത് പ്രസിഡന്റും തമ്മിലെ പോര് ഭരണപ്രതിസന്ധിക്ക് കാരണമായെന്ന് യുഡിഎഫ് ആരോപിക്കുന്നു. തർക്കം പരിഹരിക്കാൻ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് അനുനയ നീക്കങ്ങൾ നടത്തുന്നുണ്ട്.