അമ്പലപ്പുഴ : അമ്പലപ്പുഴ പേട്ടസംഘത്തിന്റെ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പ്രധാനചടങ്ങുകളിലൊന്നായ മണിമലക്കാവുക്ഷേത്രത്തിലെ ആഴിപൂജ ഇന്ന് നടക്കും. ബുധനാഴ്ച രാവിലെ കവിയൂർക്ഷേത്രത്തിൽനിന്നു പുറപ്പെട്ട യാത്ര കുരുതി കാമൻകാവ് ക്ഷേത്രത്തിലെ പ്രഭാതഭക്ഷണത്തിനും മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രത്തിലെ ഉച്ചഭക്ഷണത്തിനും വൈകുന്നേരം കോട്ടാങ്ങൽ ദേവീക്ഷേത്രത്തിലെ ഭക്ഷണത്തിനും ശേഷമാണ് രാത്രിയോടെ മണിമലക്കാവിലെത്തിയത്. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നിലവിളക്കും നിറപറയും വെച്ചാണ് ക്ഷേത്രഭാരവാഹികൾ സംഘത്തെ സ്വീകരിച്ചത്.
നടക്കൽ ശിവക്ഷേത്രം, കുന്നംതാനം മഠത്തിൽകാവ് ദേവീക്ഷേത്രം, വെട്ടിനായതിൽ ഭഗവതീക്ഷേത്രം, കീഴ്‌വായ്പൂര് സുബ്രഹ്മണ്യസ്വാമീക്ഷേത്രം, എഴിക്കകുന്നത്ത് കുടുംബസമിതിക്ഷേത്രം, വായ്പൂര് ശിവക്ഷേത്രം, കീഴ്തൃക്കോവിൽ ശ്രീകൃഷ്ണക്ഷേത്രം, കുളത്തൂർമൂഴി ശ്രീദേവീക്ഷേത്രം, മല്ലപ്പള്ളി അയ്യപ്പസേവാസംഘം, മല്ലപ്പള്ളി ടൗൺ മർച്ചന്റ് അസോസിയേഷൻ എന്നിവിടങ്ങളിലടക്കം സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് സംഘം മണിമലയിലെത്തിയത്. ആഴിപൂജയ്ക്ക് സമൂഹപെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള മുഖ്യകാർമികത്വം വഹിക്കും. ആഴിപൂജാദിവസം ഉച്ചയ്ക്കുനടക്കുന്ന സമൂഹസദ്യയിൽ നാനാജാതിമതസ്ഥർ പങ്കെടുക്കും. മണിമലക്കാവിൽ ആഴിപൂജയ്ക്കുശേഷം വെള്ളിയാഴ്ച സംഘം എരുമേലിയിലെത്തും.