തിരുവല്ല : കിഫ്ബി പ്രവര്‍ത്തികളുടെ ആദ്യ സംരംഭമായ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ ഉദ്ഘാടനം നാളെ (വെള്ളിയാഴ്ച ) രാവിലെ 10 ന് പൊടിയാടി ജംഗ്ഷനില്‍ പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. മാത്യു ടി തോമസ് എം.എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ: ടി.എന്‍ തോമസ് ഐസക് മുഖ്യാതിഥിയാകും. ആന്റോ ആന്റണി എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രോജക്ട് ഡയറക്ടര്‍ ഡാര്‍ലിന്‍ കാര്‍മലിറ്റ ഡിക്രൂസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ ആദ്യഘട്ടം അമ്പലപ്പുഴ മുതല്‍ തിരുവല്ല നിയോജക മണ്ഡലത്തിലെ പൊടിയാടി വരെയുള്ള 22.56 കിലോമീറ്റര്‍ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണു പൂര്‍ത്തീകരിച്ചിരിക്കുന്നത്. 70.75 കോടി രൂപയാണ് ആദ്യഘട്ട നിര്‍മ്മാണ ചെലവ്. റബ്ബര്‍, പ്ലാസ്റ്റിക്, കയര്‍ ഭൂവസ്ത്രം, കോണ്‍ക്രീറ്റ് ഡക്റ്റുകള്‍ എന്നിവ ഉപയോഗിച്ചാണ് റോഡു നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടാം ഘട്ടം പൊടിയാടി മുതല്‍ തിരുവല്ല വരെയുള്ള റോഡാണ് പുനര്‍നിര്‍മ്മിക്കുന്നത്. 86 കോടി രൂപ ഫണ്ട് ഇതിനായി അനുവദിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ കുമാര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം. ബിനീഷ് കുമാര്‍, നെടുമ്പ്രം ഗ്രാമ പഞ്ചായത്തംഗങ്ങളായ രാജശ്രീ, ശ്രീദേവി സതീഷ് കുമാര്‍, പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ഇന്‍-ചാര്‍ജ് ബി.വിനു, എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ ആര്‍. അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.