തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. അമ്പൂരി തട്ടാംമുക്ക് സ്വദേശി അഖില്‍, അഖിലിന്റെ ജ്യേഷ്ഠ സഹോദരന്‍ രാഹുല്‍, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നാല് ലക്ഷം രൂപ പ്രതികള്‍ ശിക്ഷയായി അടയ്ക്കണമെന്നും കോടതി വിധിച്ചു. പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
2019 ജൂണ്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനില്‍ സൈനികനായ അഖിലിന്റെ നിര്‍മാണത്തിലിരുന്ന വീടിന് സമീപത്ത് രാഖിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീടിന്റെ പിറകില്‍ രാഖിയുടെ മൃതശരീരം നഗ്‌നയാക്കി ഉപ്പു പരലുകള്‍ വിതറി മണ്ണിട്ട് മൂടി, കവുങ്ങ് തൈകള്‍ വെച്ച് പിടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അഖില്‍ ജോലി സ്ഥലമായ ലഡാക്കിലേക്കും ആദര്‍ശും, രാഹുലും ഗുരുവായൂരിലേക്കും പോകുകയായിരുന്നു. രാഖിയെ കാണാനില്ലെന്ന് അച്ഛന്‍ രാജന്‍ പൂവാര്‍ പോലീസിന് നല്‍കിയ പരാതിയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.