ചിങ്ങവനം : നിയന്ത്രണംവിട്ട ആംബുലന്‍സ് എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷയിലും, മിനി ലോറിയിലും ഇടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കൊല്ലാട്, ഏയ്ഞ്ചല്‍ സര്‍വീസിലെ മിനി ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ എട്ടിനു ചിങ്ങവനം – പരുത്തുംപാറ റോഡില്‍ വില്ലേജ് ഓഫീസിനു സമീപമാണ് അപകടം നടന്നത്. ചിങ്ങവനം ഭാഗത്തു നിന്ന് അമിതവേഗതയില്‍ എത്തിയ ആംബുലന്‍സ് എതിര്‍ദിശയില്‍ നിന്നു വന്ന ഓട്ടോറിക്ഷയില്‍ തട്ടി നിയന്ത്രണം തെറ്റി മിനി ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
അപകടത്തില്‍ മുന്‍വശം പൂര്‍ണമായി തകര്‍ന്ന ആംബുലന്‍സില്‍ നിന്നു ഡ്രൈവറെ നാട്ടുകാര്‍ ഡോര്‍ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ മിനി ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടി ഡീസല്‍ റോഡിലേക്കൊഴുകി. സംഭവത്തെ തുടര്‍ന്ന്, കോട്ടയത്തു നിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘം വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി ഗതാഗത തടസം നീക്കി. ചിങ്ങവനം പോലീസ് സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.