റാന്നി: താലൂക്കാശുപത്രിയിലേക്കുള്ള പ്രവേശന കവാടത്തിൽ ആംബുലൻസിന് തടസ്സമായി വാഹനങ്ങളുടെ അനധികൃത പാർക്കിങ് വീണ്ടും. കയര്‍ വലിച്ചു കെട്ടിയിട്ടും ഇയുചക്ര വാഹനങ്ങള്‍ അടക്കം പാര്‍ക്കിംങ് ചെയ്യുന്നതാണ് ഗതാഗത കുരുക്കിന് കാരണം. ആശുപത്രിക്ക് പുറത്തു നിന്നും വരുന്ന ആംബുലൻസുകൾ ഇവിടെ പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്ന് വിഷയം താലൂക്ക് വികസന സമിതിയിലുമെത്തി. ഇതിന് തൊട്ടു പിന്നാലെ ഇവിടെ നിന്നും ആംബുലൻസ് പാർക്കിങ് ഒഴിവാക്കിയിരുന്നു.
ആശുപത്രിയുടെ സമീപത്തെ ഗ്രൗണ്ടിൽ വാഹനങ്ങൾക്ക് പാര്‍ക്കിംങ് നടത്താൻ ആവശ്യത്തിന് സ്ഥല സൗകര്യമുണ്ട്. എന്നാല്‍ ഇവിടെ പാര്‍ക്കിംങ് ഫീസ് നൽകണമെന്നതാണ് വാഹന ഉടമകളെ അനധികൃത പാര്‍ക്കിംങിന് പ്രേരിപ്പിക്കുന്നത്. ഇവിടെ നോ പാര്‍ക്കിംങ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും ഓട്ടോറിക്ഷയുടെയും ടൂവിലറിൻ്റെയും അനധികൃത പാർക്കിങ് ഇവിടെ തുടരുകയാണ്. ഇതുമൂലം മിക്കപ്പോഴും ഇവിടെ ഗതാഗത കുരുക്കാണ്. ആംബുലൻസുകളടക്കം കുരുക്കിൽ പെടുന്ന അവസ്ഥയാണ് നിലവിൽ. ആശുപത്രിയുടെ മുന്നിലെ റോഡ് ആനപ്പാറമലയിലേക്കുള്ള റോഡുകൂടിയായതിനാൽ കുരുക്കിൽ പെടുന്നതിലധികവും നാട്ടുകാര്‍ ആണ്.