കുന്നന്താനം : ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പാലിയേറ്റിവ് രോഗികൾക്ക് വേണ്ട ചികിത്സ നൽകുവാൻ വേണ്ടി ആന്റോ ആന്റണി എം. പി നൽകിയ ആംബുലൻസ് സ്വീകരിക്കാത്തത് ഗ്രാമപഞ്ചായത്തിന്റെ രാഷ്ട്രീയ അന്ധത മൂലം ആണെന്നും പാലിയേറ്റിവ് രോഗികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം എന്നും കുന്നന്താനം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ഒഐസിസി – ഇൻകാസ് ഗ്ലോബൽ കമ്മറ്റി അംഗവുമായ ബിനു കുന്നന്താനം ആവശ്യപെട്ടു. സമൂഹം ഒന്നിച്ച് നിന്ന് സംരക്ഷിക്കേണ്ട വിഭാഗമാണ് പാലിയേറ്റിവ് രോഗികൾ. കൃത്യമായ സംരക്ഷണം നൽകാൻ പലപ്പോളും സ്വന്തക്കാർക്കും ബന്ധുക്കൾക്കും സാധിക്കാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. ഈ സാഹചര്യത്തിൽ ആണ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ ഇങ്ങനെയുള്ള ആളുകൾക്ക് വേണ്ട ചികിത്സ അവരുടെ വീടുകളിൽ പോയി നൽകുവാൻ പ്രാഥമിക ആരോഗ്യകേന്ദ്രം തയ്യാറായതും മണ്ഡലം കോൺഗ്രസ് കമ്മറ്റിയും യു ഡി എഫ് കമ്മറ്റിയും അതിന് ആവശ്യമായ ആംബുലൻസ് ലഭ്യമാക്കണം എന്ന് ആന്റോ ആന്റണി എം പിയോട് അഭ്യർത്തിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ആണ് ആന്റോ ആന്റണി എം പി പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആംബുലൻസിനുള്ള തുക അനുവദിച്ചത്.
ആംബുലൻസിന്റെ ഡ്രൈവർ തസ്തികയിലേക്ക് ആളിനെ നിയമിച്ചാൽ ഡ്രൈവർക്ക് ശമ്പളം കൊടുക്കാൻ പഞ്ചത്തിന് പണം ഇല്ലാ എങ്കിൽ കുന്നന്താനം നിവാസികൾ ആ തുക കൊടുക്കുവാനും തയാറാണ് എന്നും ബിനുകുന്നന്താനം അറിയിച്ചു. രാഷ്ട്രീയം നോക്കാതെ പല പദ്ധതികൾക്കും ആന്റോ ആന്റണി എം പി ഫണ്ട് അനുവദിക്കാൻ തയാറാണ്. കുന്നന്താനത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികൾക്ക് വേണ്ടി കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുവാനും അത് വഴി കുന്നന്താനത്ത് പുതിയ പ്രൊജക്റ്റുകൾ തുടങ്ങുവാൻ സാധിക്കും. പക്ഷെ കുന്നന്താനം ഗ്രാമപഞ്ചായത്ത് ഭരണസമതിയുടെ അന്ധമായ രാഷ്ട്രീയവിരോധം മൂലം ആന്റോ ആന്റണി എം പി യെ പഞ്ചായത്തിന്റെ എല്ലാ പരിപാടികളിൽ നിന്നും ഒഴിവാക്കി നിർത്താൻ ആണ് ഗ്രാമപഞ്ചായത്ത് ശ്രമിക്കുന്നത് എന്നും ബിനു കുന്നന്താനം ആരോപിച്ചു.