കോഴിക്കോട് : കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാതെ രോഗി മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും ഡിഎംഒക്കുമെതിരെ ഗുരുതര ആരോപണവുമായി എം.കെ രാഘവന്‍ എം പി. ആംബുലന്‍സില്‍ കുടുങ്ങി രോഗിയുടെ മരണം ഡിഎംഒയും കളക്ടറും ഉത്തരവാദികള്‍. പതിനാല് മാസം മുമ്പ് എംപി ഫണ്ടില്‍ നിന്നും പണം അനുവദിച്ചിട്ടും ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സ് വാങ്ങാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് എംപി പറഞ്ഞു. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കാനാണ് എംപിയുടെ തീരുമാനം.
കൊവിഡ് രൂക്ഷമായ കാലത്താണ് പ്രധാനമന്ത്രി മണ്ഡലങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആംബുലന്‍സ് വാങ്ങാനായി എംപിമാര്‍ക്കായി ഫണ്ട് അനുവദിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സ് വാങ്ങാനായി 2021 ജൂണ്‍ രണ്ടിന് എം.കെ രാഘവന്‍ എംപിയുടെ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചു. ആംബുലന്‍സ് വാങ്ങാന്‍ നടപടിയൊന്നുമില്ലാത്തതിനെത്തുടര്‍ന്ന് പലവട്ടം ജില്ലാ കളക്ടറോട് ഇക്കാര്യത്തെക്കുറിച്ച് ആരാഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് എം.കെ രാഘവന്‍ എംപി പറയുന്നത്. പണം അനുവദിച്ചിട്ടും ആംബുലൻസ് വാങ്ങാതിരുന്നിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. ഇതിൽ ജില്ലഭരണകൂടവും ഡി എം ഒയും മറുപടി പറയണമെന്ന് എംപി.