പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് പോസിറ്റീവായ പെണ്‍കുട്ടി ആംബുലന്‍സിനുള്ളില്‍ പീഡനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിന്റേത് ആസൂത്രിത നീക്കമായിരുന്നുവെന്ന് അന്വേഷണസംഘം. കോഴഞ്ചേരിയിലേക്ക് വേഗത്തില്‍ ഓടിച്ചെത്തിയ ആംബുലന്‍സ് വളരെ വേഗം കുറച്ചാണ് പന്തളത്തേക്ക് മടങ്ങിയത്. യാത്രയിലുടെ നീളം ലൈംഗിക ചുവയോടെയാണ് നൗഫല്‍ പെണ്‍കുട്ടിയോട് സംസാരിച്ചതെന്നും പോലീസ് പറയുന്നു.
വിജനമായ സ്ഥലത്ത് ആംബുലന്‍സ് എത്തിച്ച ശേഷം പിന്‍വാതിലിലൂടെ അകത്ത് കടന്ന നൗഫല്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമാണ്. സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ ക്ഷതമേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്. അടൂരില്‍നിന്ന് ആംബുലന്‍സില്‍ കയറ്റിയ പെണ്‍കുട്ടിയെ അടുത്തുള്ള പന്തളം അര്‍ച്ചന ഫസ്റ്റ് ലൈന്‍ പരിശോധനാ കേന്ദ്രത്തില്‍ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടു പോയതാണ് തട്ടിക്കൊണ്ടു പോകലിന്റെ പരിധിയില്‍ വരുന്നത്.