ചെന്നൈ: അമേരിക്കന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലായി ജൂഡിത്ത് രവിന്‍ ചുമതലയേറ്റു. നയതന്ത്ര പദവികളില്‍ മികച്ച അനുഭവസമ്പത്തുമായാണ് ജൂഡിത്ത് രവിന്‍ ചൈന്നൈയില്‍ അമേരിക്കന്‍ കോണ്‍സല്‍ ജനറലാകുന്നത്. ഇതിനു മുമ്പ് 2017-2020ല്‍ പെറുവിലെ ലിമയിലുള്ള യുഎസ് എംബസിയില്‍ പബ്ലിക് അഫയേഴ്‌സ് കൗണ്‍സിലറായി സേവനമനുഷ്ഠിച്ചു. 2015-2017ല്‍ ഹെയ്തി സ്‌പെഷ്യല്‍ കോര്‍ഡിനേറ്ററുടെ ഓഫീസില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഓഫീസര്‍ ജനറലായി വാഷിംഗ്ടണ്‍ ഡി.സിയില്‍ ജോലി ചെയ്തു.
അതിനു മുമ്പ്, 2013-2015 മുതല്‍, പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലെ എംബസിയില്‍ ഡെപ്യൂട്ടി കള്‍ച്ചറല്‍ അഫയേഴ്സ് ഓഫീസറായും സേവനമനുഷ്ഠിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയിലെ യുഎസ് എംബസി, സുഡാന്‍, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് നയതന്ത്ര സ്ഥാപനങ്ങളിലും അവര്‍ ജോലി ചെയ്തു. 2003ലാണ് ജൂഡിത്ത് രവിന്‍ ചേര്‍ന്നത്. 2003-2005 വരെ മെക്സിക്കോയിലെ സിയുഡാഡ് ജുവറസിലെ യുഎസ് കോണ്‍സുലേറ്റ് ജനറലില്‍ വൈസ് കോണ്‍സലായാണ് ജൂഡിത്ത് രവിന്‍ നയതന്ത്ര ജീവിതം ആരംഭിച്ചത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ വര്‍ഷങ്ങളോളം എഡിറ്റര്‍, പരിഭാഷകന്‍, പത്രപ്രവര്‍ത്തക എന്നീ നിലകളില്‍ അവര്‍ പ്രവര്‍ത്തിച്ചു. ബിയോണ്ട് ഔവര്‍ ഡിഗ്രീസ് ഓഫ് സെപ്പറേഷന്‍: വാഷിംഗ്ടണ്‍ മണ്‍സൂണ്‍സ്, ഇസ്ലാമാബാദ് ബ്ലൂസ് (2017) എന്നിവയുടെ സഹ രചയിതാവും ബാലെ ഇന്‍ ദി കെയ്ന്‍ ഫീല്‍ഡ്സ്: വിഗ്നെറ്റ്സ് ഫ്രം എ ഡൊമിനിക്കന്‍ വാന്‍ഡര്‍ലോഗ് (2014) ന്റെ രചയിതാവുമാണ് ജൂഡിത്ത്.
അമേരിക്കയ്ക്ക് പുറമേ ഫ്രാന്‍സിലെയും സ്പെയിനിലെയും സര്‍വകലാശാലകളില്‍നിന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും റൊമാന്‍സ് ഭാഷകളിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. ഇംഗ്ലീഷിന് പുറമെ നന്നായി സ്പാനിഷ്, ഫ്രഞ്ച് ഭാഷകള്‍ കൈകാര്യം ചെയ്യാനും ജൂഡിത്തിന് അറിയാം.
ഈ പദവി ലഭിച്ചത് വലിയ അംഗീകാരമായിട്ടാണ് കരുതുന്നത്. കൊറോണ വ്യാപനം മൂലം ചരിത്രപരമായ പ്രതിസന്ധി നേരിടുന്ന വേളയിലാണ് താന്‍ ചുമതലയേല്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.
ചെന്നൈയിലെ കോണ്‍സല്‍ ജനറല്‍ എന്ന നിലയില്‍, കര്‍ണാടക, കേരളം, തമിഴ്‌നാട്, മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവ ഉള്‍പ്പെടുന്ന കോണ്‍സുലര്‍ അധികാരപരിധിയില്‍ യുഎസ്-ഇന്ത്യ ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തം അവര്‍ക്കാണ്.