തൊടുപുഴ : ഹർത്താലും കരിങ്കൊടി പ്രതിഷേധങ്ങൾക്കും ഇടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനാണ് ഗവർണർ എത്തിയത്. ഭൂനിയമ ഭേദഗതി ബില്ലിൽ മൂന്നുതവണ സർക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ചിലർ സമ്മർദ്ദപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും താൻ റബ്ബർ സ്റ്റാമ്പ് അല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭൂ നിയമ ഭേദഗതി ബില്ലിൽ ഒപ്പെടാത്ത ഗവർണർക്കെതിരെ ഇടുക്കിയിലെ ഇടതുമുന്നണി പ്രവർത്തകർ രാജഭവനിലേക്ക് മാർച്ച് നടത്തുമ്പോഴാണ് ഗവർണർ തൊടുപുഴയിലെത്തിയത്.
ഗവർണറുടെ നടപടിയോടുള്ള പ്രതിഷേധം ഹർത്താൽ പ്രഖ്യാപിച്ചാണ് ഇടതുമുന്നണി പ്രകടിപ്പിച്ചത്. ഹര്‍ത്താലില്‍ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ആലുവ ഗസ്റ്റ് ഹൗസിൽ നിന്നും 11 മണിയോടെ തൊടുപുഴയിലെത്തിയ ഗവർണർക്ക് എതിരെ എഫ് എഫ് ഐ, ഡിവൈഎഫ്ഐ, യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ പ്രതിഷേധ ബാനറും കരിങ്കോടിയും വീശി. ജില്ലാ അതിർത്തി മുതൽ വിവിധ ഇടങ്ങളിൽ പ്രതിഷേധം ഉണ്ടായിരുന്നു. ഹർത്താലിനിടെ ചടങ്ങിലെത്തിയ ഗവർണരുടേത് ധീരമായ നടപടി എന്ന് പറഞ്ഞാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ സ്വീകരിച്ചത്. മലയാളത്തിൽ സംസാരിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്.