കൊച്ചി : കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരവെ ജോലിക്കായി എത്തിയ ജീവനക്കാരെ അകത്തു പ്രവേശിപ്പിക്കാതെ കോറോഹെൽത്ത് കമ്പനി. സർക്കാരുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമാകുന്നതു വരെ പിരിച്ചുവിടൽ നടപടികൾ മരവിപ്പിക്കുമെന്നായിരുന്നു നേരത്തെയുള്ള ധാരണയെങ്കിലും ഇതു പൂർണമായും ലംഘിച്ചുകൊണ്ടാണ് മാനേജ്‌മെന്റ് ഇന്ന് ജീവനക്കാരെ ഗേറ്റിൽ തടഞ്ഞത്. നിലവിൽ സ്ഥാപനത്തിന്റെ പുറത്തുനിൽക്കുകയാണ് ജീവനക്കാർ. നിലവിലെ പ്രതിസന്ധിയും ജീവനക്കാരുടെ ആശങ്കകളും നേരിട്ടു വിലയിരുത്തുന്നതിനായി ലേബർ കമ്മിഷണർ ഇന്നു ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ചർച്ചകൾക്കായി തൊഴിൽ സെക്രട്ടറിയും കൊച്ചിയിലെത്തിയേക്കും.
അതേസമയം ഇന്നു സർക്കാരുമായി നിശ്ചയിച്ചിരുന്ന ചർച്ചയ്ക്കില്ലെന്നും ബുധനാഴ്ച ചർച്ചയാവാമെന്നുമാണ് കമ്പനി അധികൃതർ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ഇതനുസരിച്ച് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേരിട്ടുള്ള നേതൃത്വത്തിൽ ബുധനാഴ്ച നിർണായക ചർച്ച നടക്കും. യുഎസിലെ ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ ‘കോറോഹെൽത്ത്’, കൊച്ചി പാലാരിവട്ടം ഓഫിസിലെ അറുന്നൂറോളം ജീവനക്കാരെയും കോഴിക്കോട് ഓഫിസിലെ ഇരുനൂറോളം പേരെയുമടക്കം എണ്ണൂറിലധികം ജീവനക്കാരെയാണ് മുന്നറിയിപ്പുമില്ലാതെ ഒഴിവാക്കിയത്. ഓഫിസിൽ ഒരുക്കിയ അപ്രതീക്ഷിത അനൗൺസ്‌മെന്റിലൂടെ ‘ഇന്ന് നിങ്ങളുടെ അവസാനത്തെ ദിവസമാണ്’ എന്ന് അറിയിക്കുകയായിരുന്നു. കമ്പനിയുടെ ലോഗോ പോലുമില്ലാത്ത വെള്ള പേപ്പറിലാണു പിരിച്ചുവിട്ടുകൊണ്ടുള്ള കത്ത് നൽകിയത്.
കേരളത്തിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തുമ്പോഴും നോയ്‍ഡയിലും ഹൈദരാബാദിലും കമ്പനി പുതിയ നിയമനങ്ങൾ നടത്തുന്നുണ്ടെന്നു ജീവനക്കാർ ആരോപിക്കുന്നു. പുതിയ ലേബർ കോഡ് അനുസരിച്ചാണു നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണമെങ്കിലും കേരളത്തിൽ ലേബർ കോഡ് വ്യവസ്ഥകൾ ഇതുവരെ നടപ്പാക്കിയിട്ടില്ലാത്തതിനാൽ ഈ നടപടി നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്നുള്ള പിരിച്ചുവിടലിനെ തുടർന്ന് കൊച്ചി ഓഫിസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തൃക്കാക്കര എംഎൽഎ ഉമാ തോമസും ജില്ലാ ലേബർ ഓഫിസറും സ്ഥലത്തെത്തി ചർച്ചകൾ നടത്തുകയും സിഐടിയു അടക്കമുള്ള സംഘടനകൾ പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തുടർന്ന് സംസ്ഥാന തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ചത്തെ തുടർചർച്ച നിശ്ചയിച്ചതും അതുവരെ പിരിച്ചുവിടൽ മരവിപ്പിക്കാൻ കമ്പനി സമ്മതിച്ചതും. എന്നാൽ, ഈ ധാരണകൾക്കു വിരുദ്ധമായി ജീവനക്കാരിൽ ചിലർക്കു രണ്ടു മാസത്തെയും ചിലർക്കു രണ്ടര മാസത്തെയും ശമ്പളം ‘നഷ്ടപരിഹാര’മായി കമ്പനി നിക്ഷേപിച്ചു. സർക്കാരുമായുള്ള ചർച്ചകൾക്കു മുൻപ് തന്നെ നടപടിക്രമങ്ങൾ തീർക്കാന്‍ കമ്പനി ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണു ജീവനക്കാർ ആരോപിക്കുന്നത്. അതിനു പിന്നാലെയാണ് ഇന്നു ജീവനക്കാരെ പ്രവേശിപ്പിക്കാത്ത നടപടിയും. കോ–വർക്കിങ് സ്പേസ് ഓഫിസായാണ് കോറോഹെൽത്ത് ഇവിടെ പ്രവർത്തിക്കുന്നത്. ജീവനക്കാരെ പ്രവേശിപ്പിക്കരുതെന്ന് ഈ കോ–വർക്കിങ് സ്പേസിന്റെ അധികൃതരെ കോറോഹെൽത്ത് അധികൃതർ അറിയിച്ചതായാണു വിവരം.
































