ഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ എതിർക്കുകയും എത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അവകാശപ്പെട്ട മമത ബാനർജിക്കും, സ്റ്റാലിനും പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎ ഭരണഘടനയിലെ ഒരു വ്യവസ്ഥയും ഇല്ലാതാക്കുന്നില്ലെന്നും, പൗരത്വവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ നിർമ്മിക്കാനും അവ നടപ്പിലാക്കാനും കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരമുള്ളതെന്നും അമിത് ഷാ പറഞ്ഞു.
നിയമം നടപ്പിലാക്കില്ലെന്നാണ് അവർ അവകാശപ്പെടുന്നത്. കേന്ദ്രം നടപ്പിലാക്കിയ നിയമം നിരസിക്കാൻ അവർക്ക് അവകാശമില്ല. നമ്മുടെ ഭരണഘടന പ്രകാരം പൗരത്വവുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമ്മിക്കാനുള്ള അവകാശം പാർലമെന്റിന് മാത്രമാണുള്ളത്. നിയമം നടപ്പിലാക്കുന്നത് കേന്ദ്രത്തിന്റെ വിഷയമാണ്. അല്ലാതെ സംസ്ഥാനങ്ങളുടേതല്ല. ഭരണഘടനയിലെ ആർട്ടിക്കിൾ 11 പ്രകാരം പാർലമെന്റിന് പൗരത്വം സംബന്ധിച്ചുള്ള നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരമുണ്ട്. പ്രീണന രാഷ്‌ട്രീയത്തിന് വേണ്ടിയാണ് ഇപ്പോൾ പലരും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.