തലശ്ശേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ തലശ്ശേരിയിലെ പരിപാടികള്‍ ഒഴിവാക്കി. തലശ്ശേരിയില്‍ ബി.ജെ.പിക്ക് പിന്തുണക്കാന്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി പോലും ഇല്ലാത്ത സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്. ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രന്‍ സി.ഒ.ടി നസീര്‍ അറിയിച്ചു.
തലശ്ശേരി നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. ഇന്ന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന അമിത് ഷാ രാത്രി ഇടപ്പള്ളിയിലെ ഹോട്ടലില്‍ ജില്ലയിലെ എന്‍.ഡി.എ പ്രചാരണ പരിപാടികളുടെ ചുമതലക്കാരുമായി ആശയവിനിമയം നടത്തും.
തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാളെ രാവിലെ 10.30ന് സ്റ്റാച്യൂ മുതല്‍ പൂര്‍ണത്രയീശ ക്ഷേത്രംവരെ റോഡ് ഷോ നടത്തും. 11.30 ന് പൊന്‍കുന്നത്തും 2.30ന് പുറ്റിങ്ങലിലും പ്രസംഗിക്കും. അഞ്ചുമണിക്ക് കഞ്ചിക്കോട് റോഡ് ഷോയിലും അമിത് ഷാ പങ്കെടുക്കും. അതേസമയം നാമനിര്‍ദേശ പത്രിക തള്ളിയ ഗുരുവായൂരില്‍ സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണക്കാനാണ് ബി.ജെ.പി തീരുമാനം. ദിലീപ് നായരാണ് മണ്ഡലത്തില്‍ ഡി.എസ്.ജെ.പി സ്ഥാനാര്‍ഥി.