ശ്രീനഗർ : മൂന്നുദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെത്തുന്നതിന് മുന്നോടിയായി വൻ സുരക്ഷാ സന്നാഹം. കശ്മീരിൽ അമിത് ഷാ മൂന്ന് ദിവസം ക്യാമ്പ് ചെയ്യുന്ന ഗുപ്കാർ റോഡിലെ രാജ്ഭവന് ചുറ്റുമുള്ള 20 കിലോമീറ്റർ പരിധിയിൽ ഒരോ അനക്കവും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും. രഹസ്യാന്വേഷണ ബ്യൂറോ മേധാവി അരവിന്ദ് കുമാർ, ബിഎസ്എഫ് മേധാവി പങ്കജ് സിങ്, സിഎർപിഎഫ്, എൻഎസ്ജി മേധാവികൾ ജമ്മുകശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സുരക്ഷ സംബന്ധിച്ച് അമിത് ഷായുമായി ചർച്ച നടത്തും.
കശ്മീരിൽ തുടർച്ചയായുണ്ടാവുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം. ഇന്ന് ശ്രീനഗറിൽ വന്നിറങ്ങുന്ന അമിത് ഷായുടെ ആദ്യ പരിപാടി ശ്രീനഗറിൽ നിന്ന് ഷാർജയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസ് ഉദ്ഘാടനം ചെയ്യുക എന്നതാണ്. ഭീകരർ അടുത്തിടെ കൊലപ്പെടുത്തിയ സാധാരണക്കാരുടെ കുടുംബങ്ങളെയും അമിത് ഷാ സന്ദർശിക്കും. തുടർന്ന് സുരക്ഷാ അവലോകനം.
അമിത് ഷായുടെ വരവിന് മുന്നോടിയായി സിആർപിഎഫ് മോട്ടോർ ബോട്ടുകോളും ഡ്രോണുകളും ഉപയോഗിച്ച് ശ്രീനഗറിൽ വിശദമായ പരിശോധന നടത്തിയിരുന്നു. സിആർപിഎഫിന്റെ മോട്ടോർ ബോട്ടുകൾ ദാൽ തടാകത്തിലും നഗരത്തിന്റെ ഉൾപ്രദേശങ്ങളിലൂടെ ഒഴുകുന്ന ഝലം നദിയിലും നിരീക്ഷിക്കുമ്പോൾ ആളുകളുടെ സംശയാസ്പദമായ ചലനങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ ശ്രീനഗറിലുടനീളം പറക്കുന്നുണ്ട്. സാധാരണ നിലയിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷ അതേപടി നിലനിർത്തി കൊണ്ടാണ് അധികസുരക്ഷാ വിന്യാസം.
തന്ത്രപ്രധാന മേഖലകളിൽ സ്നൈപ്പർമാരേയും ഷാർപ്പ്ഷൂട്ടർമാരേയും വിന്യസിച്ചിട്ടുണ്ട്. മറഞ്ഞിരുന്ന് ഉന്നം തെറ്റാതെ വെടിവെക്കാൻ പ്രത്യേകപരിശീലനം കിട്ടിയവരാണ് സ്നൈപ്പേഴ്സ്. പരിശോധന കൂടാതെ ഒരു വാഹനവും കടത്തിവിടില്ല. കൂടാതെ കാൽനട യാത്രികരേയും പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. കശ്മീരിലെ ന്യൂനപക്ഷ വിഭാഗങ്ങൾ താമസിക്കുന്നയിടങ്ങളിൽ അതീവ സുരക്ഷയും വ്യോമനിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി ഡൽഹിയിൽ നിന്ന് സിആർപിഎഫിന്റെ പത്ത് കമ്പനി ജവാന്മാരും ബിഎസ്എഫിന്റെ 15 ടീമുകളുമാണ് ശ്രീനഗറിലെത്തിയിട്ടുള്ളത്.